ന്യൂഡൽഹി : ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പാർലമെൻറിൽ നൽകിയ ഉറപ്പ് പാലിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.
എന്നാൽ,അതിനു മുൻപ് മണ്ഡല പുനക്രമീകരണം, സമാധാനപരമായ തെരഞ്ഞെടുപ്പ് എന്നിവ നടക്കേണ്ടത് അനിവാര്യമാണെന്നും ജമ്മുകാശ്മീരിൽ നിന്നുള്ള നേതാക്കളുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ച മൂന്നു മണിക്കൂർ നീണ്ടുനിന്നു. മണ്ഡലങ്ങളുടെ പുനക്രമീകരണ നടപടികളോട് പല പാർട്ടികളും സഹകരിക്കാത്ത സാഹചര്യത്തിൽ കേന്ദ്രം മുൻകൈയെടുത്ത് ചർച്ച നടത്തുകയായിരുന്നു. ചർച്ചയിൽ എല്ലാവരും ജനാധിപത്യത്തോടും ഭരണഘടനയോടുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്.അതിനു ശേഷം ഇതാദ്യമായാണ് നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നത്. ജമ്മുകാശ്മീരിലെ പ്രശ്നങ്ങൾ നേരിടുന്നതിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായെന്ന വിമർശനം രാജ്യാന്തരതലത്തിൽ ഉയർന്നിരുന്നു. പ്രത്യേകപദവി ഒഴിവാക്കിയതിനെതിരെ നിയമപരവും ഭരണഘടനാപരവുമായ പോരാട്ടം തുടരുമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഷാരൂഖ് അബ്‌ദുള്ള പറഞ്ഞു.എന്നാൽ, മണ്ഡല പുനക്രമീകരണം പൂർത്തിയായാലുടൻ നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.