സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജന്മണി ദാസ്. ജന്മം കൊണ്ട് അസാമി ആണെങ്കിലും കർമം കൊണ്ട് താരത്തിന്റെ തട്ടകം കേരളമാണ്. ടോപ് സെലിബ്രിറ്റികൾക്കു മുതൽ മേക്കപ്പ് ഇട്ട ചരിത്രമാണ് ഇവിടെ ജാൻ മണിക്കുള്ളത്. മലയാളം ബിഗ് ബോസിലേക്ക് എത്തിയതോടെ താരം സാധാരണ ജനങ്ങൾക്കും പരിചിതയാവുകയായിരുന്നു. വൈകാതെ സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയകളും നിരന്തരം പിന്തുടരുന്ന സെലിബ്രിറ്റിയായി ജാൻമണി മാറുകയും ചെയ്തു.
ജാൻമണിക്ക് വളരെയധികം ആരാധകർ ബിഗ് ബോസിന് ശേഷം കൂടിയെങ്കിലും അത്രതന്നെ വിമർശകരും സോഷ്യൽ മീഡിയ വഴി വർദ്ധിച്ചു. താരത്തിന്റെ പല വീഡിയോയ്ക്കും ഫോട്ടോയ്ക്ക് താഴെ നടൻ കൊച്ചു പ്രേമനുമായി ഉപമിച്ച് പലപ്പോഴും ഇത്തരക്കാർ മോശം കമന്റുകൾ ഇടാറുണ്ട്. ഇപ്പോഴിതാ തന്നെ മനപ്പൂർവ്വം വേദനിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജാൻ മണിയിപ്പോൾ.
തന്നെ കൊച്ചപ്രേമൻ എന്നു വിളിക്കുന്നവർ തന്നെയല്ല, അദ്ദേഹത്തെയാണ് അപമാനിക്കുന്നതെന്ന് ജാൻമണിദാസ് പറയുന്നു. ”പൂതന എന്നൊക്കെ എന്നെ വിളിക്കാറുണ്ട്. എനിക്ക് ഇതൊന്നും കണ്ടിട്ട് വിഷമം തോന്നാറില്ല. മൈൻഡ് ചെയ്യാറുമില്ല. ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരാറ്. അവരുടെയൊക്കെ നിലവാരം അത്രയേ ഉള്ളൂ. കൊച്ചുപ്രേമൻ എന്നു വിളിച്ച് എന്നെ പരിഹസിക്കാം എന്നാണ് ചിലർ കരുതുന്നത്.പക്ഷേ, അവർ എന്നെയല്ല, അദ്ദേഹത്തെയാണ് കളിയാക്കുന്നത്. അദ്ദേഹം ഒരു നല്ല കലാകാരനാണ്. ഒരു പണിയുമില്ലാതെ 24 മണിക്കൂറും ഫോണും കയ്യിൽ പിടിച്ചിരിക്കുന്നവരാണ് ഇത്തരത്തിലുള്ള കമന്റുകളിടുന്നത്. ഈ പറയുന്നവരാരും എനിക്ക് ചെലവിനുള്ള പണം നൽകുന്നില്ല”, ജാൻമണി ദാസ് പറഞ്ഞു.