Spread the love

‘ജനനായകൻ’ റിലീസ് വൈകുന്നതിൽ വിജയ് ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ചിത്രത്തിന്റെ നിർമാതാവ് വെങ്കട് കെ. നാരായണ. ചിത്രം സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചതിന്റെ നാൾവഴികൾ ഉൾപ്പെടെ അക്കമിട്ട് നിരത്തിയാണ് നിർമാതാവിന്റെ വിശദീകരണം. നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും വിജയ് ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നും വെങ്കട് നാരായണ അഭിപ്രായപ്പെട്ടു.

റിലീസ് നിയമനടപടികളിൽ കുരുങ്ങിയതിനെത്തുടർന്ന് തങ്ങൾക്ക് ലഭിച്ച ഫോൺകോളുകളും സന്ദേശങ്ങളും സിനിമയോട് ആളുകൾക്കുള്ള സ്‌നേഹത്തേയാണ് കാണിക്കുന്നത്. ഡിസംബർ 18-ന് ചിത്രം സെൻസർ ബോർഡ് അനുമതിക്കായി സമർപ്പിച്ചു. 22-ന് ഏതാനും മാറ്റങ്ങൾക്കുവിധേയമായി യു/ എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് മറുപടി ലഭിച്ചു. മാറ്റങ്ങൾ വരുത്തിയ ശേഷം സിനിമ വീണ്ടും സമർപ്പിച്ചു. അനുമതിക്കായി കാത്തിരിക്കവെയാണ്, റിലീസിന് നാലുദിവസം മാത്രം ബാക്കിനിൽക്കെ സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചതെന്ന് നിർമാതാവ് അവകാശപ്പെട്ടു.

റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ സമയമില്ലാത്തതിനാലും പരാതിക്കാരനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാലും ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോൾ കോടതി റിലീസ് സ്‌റ്റേ ചെയ്തിരിക്കുകയാണ്. സഹകരിച്ച പ്രേക്ഷകർക്കും വിതരണക്കാർക്കും നന്ദി അറിയിക്കുന്നു. സിനിമ യഥാസമയം റിലീസ് ചെയ്യാൻ എല്ലാവിധ ശ്രമങ്ങളും നടത്തി. എന്നാൽ, ഇത് വളരേ വൈകാരികവും വേദനാജനകവുമായ നിമിഷമാണെന്നും വെങ്കട് നാരായണ പറഞ്ഞു

‘നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. എത്രയും പെട്ടെന്ന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകരിൽനിന്നും സിനിമാ മേഖലയിൽനിന്നും ദളപതി വിജയ് സാർ നേടിയെടുത്ത സ്‌നേഹത്തിനും ആദരവിനും തുല്യമായി അദ്ദേഹം ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

പൊങ്കൽ റിലീസായി ‘ജനനായകൻ’ വെള്ളിയാഴ്ചയായിരുന്നു പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി പൊങ്കൽ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചേക്കും.

Leave a Reply