Spread the love


ജാൻസെൻ വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി;ഒറ്റ ഡോസ് മതി.


ന്യൂഡൽഹി : യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ‘ജാൻസെൻ’ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയായി. രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സീനാണിത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ വഴിയാണു വിതരണം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1855 രൂപ വരെയായേക്കുമെന്നാണു വിവരം. യുഎസ് അധികൃതർ 66% ഫലപ്രാപ്തി ഉറപ്പു നൽകുമ്പോൾ, 85% ആണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ (2–8 ഡിഗ്രി സെൽഷ്യസ് ) 3 മാസം വരെ സൂക്ഷിക്കാം. കുത്തിവയ്പെടുത്തു 28 ദിവസത്തിനു ശേഷം പ്രതിരോധശേഷി ലഭിക്കും. അപേക്ഷ നൽകിയ വെള്ളിയാഴ്ച തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇന്നലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അന്തിമ അംഗീകാരം നൽകുകയായിരുന്നു.
ജാൻസെൻ വാക്സീന്റെ പ്രധാന സവിശേഷതയായി കണക്കാക്കുന്നത് സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാൻ കഴിയുമെന്നതും രണ്ടാം ഡോസിനു വേണ്ടിയുള്ള കാത്തിരിപ്പു ഒഴിവാക്കാമെന്നതുമാണ്. കോവിഷീൽഡ്, സ്പുട്നിക് V വാക്സീനുകളിലേതിനു സമാനമാണു ഉൽപാദനരീതി. ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോവൈറസിനെ വാഹകരാക്കി, കൊറോണയുടെ ജനിതകവസ്തു ശരീരത്തിലേക്കു വിടുന്നതാണ് ‘ജാൻസെന്റെ’ പ്രവർത്തന തത്വം
തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിനെതിരെയും ഫലപ്രദമാണ്.71% വരെ ഫലപ്രാപ്തിയുണ്ടെന്നു ദക്ഷിണാഫ്രിക്കൻ പഠനം അവകാശപ്പെടുന്നു. രോഗതീവ്രത 67% വരെയും മരണം 96% വരെയും തടയാൻ കഴിയും. 5 ലക്ഷത്തോളം ആരോഗ്യപ്രവർത്തകരിലായിരുന്നു പരീക്ഷണം. 
ഫെബ്രുവരിയിൽ യുഎസ് അംഗീകരിച്ച ജോൺസൺ ആൻഡ് ജോൺസൺ വാക്സീനെ പറ്റി ചില വിവാദങ്ങളുമുണ്ടായി. ഈ വാക്സീനെടുത്ത ചിലരിൽ രക്തം കട്ടപിടിക്കുന്നുവെന്ന റിപ്പോർട്ടായിരുന്നു ആദ്യത്തേത്. തുടർന്നു യുഎസ് കുത്തിവയ്പ് നിർത്തിവച്ചു. എന്നാൽ, ഗുണമാണു ദോഷത്തെക്കാൾ കൂടുതലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുത്തിവയ്പ് വീണ്ടും തുടങ്ങി.രക്തകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നം യൂറോപ്യൻ മെഡിസിൻസ് എമർജൻസി (ഇഎംഎ) റിപ്പോർട്ട് ചെയ്തു. വാക്സീനെടുക്കുന്നതിനു പിന്നാലെ ചെവിയിൽ അസ്വസ്ഥത, തലചുറ്റൽ എന്നിവയുണ്ടാകുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇത്തരം പ്രശ്നങ്ങൾ കൂടി പരസ്യപ്പെടുത്തി വേണം വാക്സീൻ വിൽപനയെന്ന് ഇഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സുരക്ഷ ഉറപ്പാക്കിയാണ് വാക്സീന് അംഗീകാരം നൽകിയതെന്നും ആശങ്കപ്പെടേണ്ടെന്നും ആരോഗ്യമന്ത്രാലയം വക്താവ് പ്രതികരിച്ചു. ‌ 

Leave a Reply