
ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ പ്രതീകങ്ങളോ ( ഇതിനെ ആലേഖന വ്യവസ്ഥ എന്നു വിളിക്കുന്നു) ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് എഴുത്ത്.
ഗുഹാ ചിത്രങ്ങൾ തുടങ്ങിയ ചിത്രണങ്ങളും കാന്തിക നാടയിൽ രേഖപ്പെടുത്തിയ ഭാഷണവും എഴുത്തിൽ നിന്ന് ഭിന്നമാണ്.
ചരിത്രം
സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്.
ഉദ്ദേശ്യം ബി.സി. 4 ആം സഹസ്രാബ്ദത്തിൽ വാണിജ്യവും അതിന്റെ നടത്തിപ്പും ഓർമ്മയിൽ സൂക്ഷിക്കാനാവാത്ത വിധം സങ്കീർണ്ണമാകുകയും എഴുത്ത് ക്രയവിക്രയങ്ങൾ രേഖപ്പെടുത്തുന്നതിനും സ്ഥിരമായ രൂപത്തിൽ അവതരിപ്പിക്കുന്നതിനും കൂടുതൽ ആവശ്യമായിവരികയും ചെയ്തു.
മദ്ധ്യ അമേരിക്കയിൽ എഴുത്ത് രൂപപ്പെട്ടത് കാലഗണന, ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുകയെന്ന രാഷ്ട്രീയാവശ്യം എന്നിവക്ക് വേണ്ടിയാണെന്ന് കരുതുന്നു.
അറിയപ്പെടുന്ന ആദ്യത്തെ എഴുത്തുരീതി സുമേരിയ (യൂഫ്രട്ടീസ് – ടൈഗ്രീസ് നദീതടങ്ങൾ) യിൽ നിന്നാണു കണ്ടെത്തിയിട്ടുള്ളത്.
മുദ്രകളുണ്ടാക്കി ആവശ്യാനുസരണം നനവുള്ള കളിമൺ കട്ടകളിൽ അമർത്തിയെടുത്തു ഉണക്കി സൂക്ഷിക്കുകയായിരുന്നു അന്നു ചെയ്തിരുന്നത്.
സമാനമായ രീതി സിന്ധുനദീതടത്തിലെ ഹാരപ്പൻ – മൊഹഞ്ജദാരൊ സംസ്കാരത്തിലും കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് സുമേർ പ്രദേശങ്ങളിൽ മുളങ്കമ്പുകൾകൊണ്ട് കളിമൺ ഫലകങ്ങളിൽ നേരിട്ടെഴുതുന്ന രീതി നടപ്പിലായി.
ഈജിപ്തിൽ ഹീറൊഗ്ലിഫിക് എന്നു പറയുന്ന ചിത്രലിപികൾ പുരാതനകാലത്തു ഉപയോഗത്തിലിരുന്നു.
ജന്തുക്കളുടേയും പക്ഷികളുടേയും മറ്റു വസ്തുക്കളുടേയും ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ഇതിനു ഉപയോഗിച്ചുവന്നു.
പിരമിഡ്ഡുകളിലും ക്ഷേത്രങ്ങളിലും മറ്റും ഇങ്ങനെയാണു എഴുതിവന്നിരുന്നത്.
ലിപികൾ
മനുഷ്യ ഭാഷണത്തിലെ വാക്കുകളിലെ ഓരോ ശബ്ദ ഭാഗങ്ങൾക്കും പ്രത്യേകം ആലേഖനരീതികൾ ഉപയോഗിച്ചുകൊണ്ടാണു ലിപികൾ പ്രചാരത്തിലായത്.
ഇവ കൂടുതൽ ചിട്ടപ്പെടുത്തലുകൾക്കു വിധേയമായതോടെ എഴുത്തുവിദ്യ പഠിക്കലും പഠിപ്പിക്കലും എളുപ്പമായി.
വിവിധ ഭാഷകൾ നിലവിലായിക്കഴിഞ്ഞതുകൊണ്ടുതന്നെ വിവിധ ലിപികളും ലോകത്തിൽ പലയിടത്തായി രൂപം കൊണ്ടു.
വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനം
എച്ച്.ജി. വെൽസിന്റെ വാദമനുസരിച്ച്:
“എഴുത്തിന് ഒത്തുതീർപ്പുകളും കരാറുകളും നിയമങ്ങളും ശാസനങ്ങളും രേഖയാക്കാനുള്ള കഴിവുണ്ട്.
ഇത് പഴയകാല നഗര രാഷ്ട്രങ്ങളേക്കാൾ വളരെക്കൂടുതൽ വളരാൻ രാജ്യങ്ങളെ പര്യാപ്തമാക്കി.
തുടർച്ചയായ ചരിത്രപരമായ ഒരു അവബോധം സാദ്ധ്യമാക്കിയത് എഴുത്താണ്.
പുരോഹിതന്റെയോ രാജാവിന്റെയോ ഉത്തരവും അവരുടെ മുദ്രയും അവരുടെ കാഴ്ച്ചയ്ക്കും ശബ്ദത്തിനുമപ്പുറത്ത് ചെല്ലാനും അവരുടെ മരണത്തിനു ശേഷവും അവശേഷിക്കാനും സാദ്ധ്യതയുണ്ടായി”.