ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഷോ ആരംഭിച്ച നാൾമുതൽ തന്നെ വിവാദ നായികയായി തുടർന്ന ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. ബിഗ്‌ബോസ് വീട്ടിൽ എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ സഹമത്സരാർത്ഥി ഗബ്രിയുമായി ഉണ്ടായ സൗഹൃദവും പിന്നീട് ഉടലെടുത്ത പ്രണയ കോംബോ ഒക്കെയായിരുന്നു ഇരുവർക്കും വീടിനകത്തും പുറത്തും ഒരുപോലെ വിമർശനങ്ങൾ വാങ്ങികൊടുത്തത്.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചു വരുന്ന സന്ദർഭങ്ങൾ ആദ്യമൊക്കെ കുറവായിരുന്നു എങ്കിലും പിന്നീടങ്ങോട്ട് യാത്രയും ഒരുമിച്ചുള്ള വ്ലോഗ്‌സുമൊക്കെയായി ഇരുവരും ആഘോഷിക്കുകയായിരുന്നു സൗഹൃദം. താനുമായി വിവാഹം പറഞ്ഞു വച്ചിരുന്ന അഫ്സലുമായുള്ള റിലേഷൻഷിപ്പ് ഇനി നടക്കില്ല എന്നും ഇതിനിടയിൽ ജാസ്മിൻ തന്നെ വ്യക്തമാക്കിയിരുന്നു. ‘ഇത് ഗബ്രിക്ക് വേണ്ടിയാണോ?’, ‘മതവും ജാതിയും നോക്കാതെ നിങ്ങൾ ഒരുമിക്കൂ’, ‘നിങ്ങള്‍ നാട്ടുകാരെ നോക്കണ്ട. രണ്ട് പേരും നല്ല ചേര്‍ച്ചയുള്ളവരാണ്, അങ്ങ് കെട്ടി സുഖമായി അടിച്ച് പൊളിച്ച് ജീവിക്കൂ..’ എന്നിങ്ങനെ നൂറുക്കണക്കിന് കമന്റുകൾ ഗബ്രിയ്ക്കും ജാസ്മിനും സ്ഥിരമായി സോഷ്യൽ മീഡിയയിൽ ലഭിക്കുമായിരുന്നു. ഈയിടയ്ക്കുള്ള താരങ്ങളുടെ ഒന്നിച്ചുള്ള യാത്രയും വിഡിയോയുമൊക്കെ കാണുമ്പോൾ ഇവർ പ്രണയത്തിൽ ആണോ എന്ന് പലരും സംശയിച്ചു പോവാറുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരം കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗബ്രിയും ജാസ്മിനും. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന q&a സെഷനിലായിരുന്നു ഇരുവരുടേയും തുറന്നു പറച്ചിൽ.
ആദ്യമായി പരിചയപ്പെട്ടപ്പോൾ ഞങ്ങൾ അടുക്കുമോയെന്ന് പോലും തോന്നിയില്ല. പിന്നീട് ഓരോ ഗെയിം കഴിയുന്തോറും അടുപ്പം വന്നു. പിന്നെ ഷോ ഞങ്ങളെ അടുപ്പിക്കാൻ നോക്കിയിട്ടുണ്ട്. ഞാൻ ജാസ്മിനോട് പറഞ്ഞ എല്ലാ കാര്യങ്ങളും ടെലികാസ്റ്റ് ചെയ്തിരുന്നുവെങ്കിൽ എനിക്ക് ഇത്ര നെഗറ്റീവ് വരില്ലായിരുന്നു. ഫ്രണ്ട്ഷിപ്പിന് മുകളിൽ ഒരു ഇഷ്ടം ജാസ്മിനോട് എനിക്ക് തോന്നിയിരുന്നു. എന്നാൽ ഞങ്ങൾ രണ്ടുപേരും രണ്ട് ബാഗ്രൗണ്ടിൽ നിന്നും വരുന്ന ആളുകളാണ്. ഞങ്ങളുടേത് രണ്ട് റിലീജിയണാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഞങ്ങൾ തമ്മിൽ ആദ്യം മുതലുള്ള ഒരു ബോണ്ടിങ്ങുണ്ട്. അതാണ് ഞങ്ങൾ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. റിലേഷൻഷിപ്പിലേക്ക് ആ ബോണ്ടിനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രാക്ടിക്കലല്ല. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പോരാത്തതിന് ഞങ്ങൾ സെയിം ക്യാരക്ടറുമാണ്.
അതിനാൽ റിലേഷൻഷിപ്പുമായി മുന്നോട്ട് പോകാനാവില്ല. ഞങ്ങൾക്ക് ഫാമിലി വളരെ ഇംപോർട്ടന്റാണ്. അവരെ വിഷമിപ്പിക്കാൻ കഴിയില്ല. ഇപ്പോഴുള്ള സ്നേഹവും കരുതലും ഇഷ്ടമുള്ളയാളെന്ന രീതിയിലാണ്. ഞങ്ങൾ തമ്മിൽ വളരെ സ്പെഷ്യലായ ഡീപ്പായ ഫ്രണ്ട്ഷിപ്പാണുള്ളത്. ബൗണ്ടറി ഞങ്ങൾക്ക് അറിയാം അത് കടന്ന് പോകില്ല. നിങ്ങളെ ഞങ്ങൾ വിഷമിപ്പിക്കില്ലെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഇരുവരും പറഞ്ഞത്.