Spread the love
ജയ ജയ കോമള കേരള ധരണി’ എല്ലാ സാംസ്കാരിക പരിപാടികളിലും ആമുഖ ഗാനമാക്കും: മന്ത്രി സജി ചെറിയാൻ

ജയ ജയ കോമള കേരള ധരണി’… എന്നു തുടങ്ങുന്ന കേരളത്തിൻ്റെ സാംസ്കാരിക ഗാനം എല്ലാ സാംസ്കാരിക പരിപാടികളുടെയും ആമുഖ ഗാനമായി ആലപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈക്കത്ത് കെ.എസ്.എഫ്.ഡി.സി.യുടെ മൾട്ടിപ്ലക്സ് തിയറ്ററിൻ്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരൻ രചിച്ച കവിത 2014ൽ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു സാംസ്കാരിക പരിപാടികളിലും പാടി കേട്ടിട്ടില്ല. സാംസ്കാരിക മന്ത്രിയായി 13 മാസമായി. നിരവധി സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തിട്ടും ഒരിടത്തും ഇതു പാടി കേട്ടിട്ടില്ല. സാംസ്കാരിക പരിപാടിയിൽ ഇതാദ്യമായി ചരിത്ര ഭൂമിയായ വൈക്കത്താണ് പാടി കേട്ടത്. അതിന് വൈക്കത്തുകാരോട് പ്രത്യേക സ്നേഹമുണ്ട്. ഗായകരായ വി. ദേവാനന്ദും വൈക്കം വിജയലക്ഷ്മിയും ചേർന്ന് മനോഹരമായി ആലപിച്ചു. ഇവർ തന്നെ ഇതു പാടട്ടെ. മറ്റാരെയും തേടേണ്ട. ഒരാഴ്ചയ്ക്കുള്ളിൽ സംഗീതം ചിട്ടപ്പെടുത്തി തുടർ നടപടി സ്വീകരിക്കും. ഇതിന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply