മലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായർ ഇന്നും മലയാള സിനിമയിൽ മരിക്കാത്ത ഓർമയാണ്. പൗരുഷമുള്ള താരമായി ജ്വലിച്ചു നിന്ന ഇതിഹാസ നടൻ ജയന്റെ ഓർമകൾക്ക് നവംബർ 16 ന് 41 വർഷം.
മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി, വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ സ്വാധീനിച്ച മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്നു ജയനെ വിളിക്കാം. കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ മരിക്കുന്നില്ല.
1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിൽ, സത്രം മാധവന്‍ പിള്ള എന്നും കൊട്ടാരക്കര മാധവന്‍ പിള്ള എന്നും അറിയപ്പെടുന്ന മാധവൻ പിള്ളയുടെയും ഓലയില്‍ ഭാരതി അമ്മയുടെയും മകനായി ജനനം. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്. 1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽമുഖം കാണിക്കുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം. അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടാനോ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ അത് സ്വന്തമായി ചെയ്യാൻ ധൈര്യം നൽകി.
കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തിൽ പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു. 1983ല്‍ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയേറ്ററിലെത്തിയത്. ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ജയന്‍ ആണത്തമുള്ള നായകനായി നിറഞ്ഞു നില്‍ക്കുന്നു.