1980കളിൽ മുംബൈയിലേക്ക് കേരളത്തിൽനിന്ന് സർവീസ് നടത്തിയിരുന്ന ഏക ട്രെയിൻ ആയിരുന്നു മുംബൈ സി.എസ്.ടി-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്. കോവിഡ് വ്യാപനത്തെ തുടർന്ന് ജയന്തി ജനത റദ്ദാക്കിയിരുന്നു. രണ്ടു വർഷത്തിന് ശേഷമാണ് ജയന്തി ജനത സർവീസ് പുനരാരംഭിക്കുന്നത്. മുംബൈയ്ക്ക് പകരം ഇനി മുതൽ പുനെയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. കന്യാകുമാരിയിൽനിന്ന് പൂനെയിലേക്കുള്ള ആദ്യ സർവീസ് ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. രാവിലെ 8.25ന് കന്യാകുമാരിയിൽനിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ രണ്ടാം ദിവസം രാത്രി 10.20ന് പൂനെയിൽ എത്തിച്ചേരും. പൂനെയിൽനിന്ന് രാത്രി 11.50ന് തിരിക്കുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 12.30ഓടെ കന്യാകുമാരിയിൽ എത്തിച്ചേരും. പൂനെയിലേക്കുള്ള ട്രെയിൻ രാവിലെ 10.15ന് തിരുവനന്തപുരത്തും 11.27ന് കൊല്ലത്തും ഉച്ചയ്ക്ക് 1.22ന് കോട്ടയത്തും വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം നോർത്തിലും എത്തും. തൃശൂരിൽ വൈകിട്ട് 4.52നും പാലക്കാട്ട് 6.27നും ട്രെയിൻ എത്തിച്ചേരും. പൂനെയിൽനിന്നു കന്യാകുമാരിയിലേക്കുള്ള ട്രെയിൻ പുലർച്ചെ 1.15നാണ് കേരളത്തിലെ ആദ്യ സ്റ്റോപ്പായ പാലക്കാട്ട് എത്തുന്നത്. പുലർച്ചെ 2.32ന് തൃശൂരിലും അതിരാവിലെ 3.50ന് എറണാകുളം നോർത്തിലും ട്രെയിൻ എത്തും. കോട്ടയത്ത് 5.32നും കൊല്ലത്ത് 8.12നും എത്തുന്ന ജയന്തി ജനത 9.25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.