എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ പ്രതികരിച്ച് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. വിഷയത്തിൽ താര സംഘടനയായ അമ്മ ഉൾപ്പെടെ ആസിഫ് അലിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷീലുവും രമേഷ് നാരായണനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്. ‘രമേഷ് നാരായണന്റെ ചെയ്തി വളരെ മോശം ആയിപ്പോയി. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ച് പോതുവേദിയിൽ വച്ചു വാങ്ങി, അദ്ദേഹത്തിന് തന്നെ നൽകിയ സംവിധായകന്‍ ജയരാജ് ചെയ്തതും മോശമാണെന്നുമായിരുന്നു ഷീലുവിന്റെ വിമർശനം.
ഷീലുവിന്റെ പ്രതികരണം..
‘അമ്മ മീറ്റിംഗിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്. മുംബൈ എയർപോർട്ടിൽ. അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത്. എന്നോട് മാത്രമല്ല, എയർപോർട്ടിൽ ആരാധകരോടും, ബാക്കി ഉള്ള ഏല്ലാ പാസ്സന്ജർസിനോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയിൽ എത്തുന്നത് വരെ.
ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത്. ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട് ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും. രമേശ് നാരായൺ എന്ത് reason കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി. ആസിഫ് അലി കൊടുത്ത അതേ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് present ചെയ്ത ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണ് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. വെറുപ്പ് തോന്നുന്നു’, എന്നാണ് ഷീലു പ്രതികരിച്ചത്.