Spread the love

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള നടന്‍ ജയസൂര്യയുടെ സ്‌നേഹക്കൂട് പദ്ധതിയുടെ രണ്ടാമത്തെ വീടിനും തറക്കല്ലിട്ടു.കൊച്ചി മുളന്തുരുത്തിയിലെ കാരിക്കോടുള്ള കണ്ണന്‍-സരസ്വതി ദമ്പതികള്‍ക്കാണ് ഇക്കുറി ജയസൂര്യയുടെ നേതൃത്വത്തില്‍ വീട് ഉയരുന്നത്.രാമമംഗലം സ്വദേശിക്ക് ആയിരുന്നു ജയസൂര്യയുടെ സ്‌നേഹക്കൂട് പദ്ധതിയുടെ ഭാഗമായി പണിത ആദ്യ വീട് ലഭിച്ചത്.ഭര്‍ത്താവ് മരിച്ച് സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് കുടുംബത്തിലുള്ളത്.മുപ്പത് ദിവസമെടുത്തായിരുന്നു ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത്.ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി ആയിരുന്നു താക്കോല്‍ കൈമാറിയത്.

പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ വീട് നിര്‍മിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനലുകള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.ഓരോ വര്‍ഷവും അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം.ഇപ്പോള്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.മാത്രമല്ല ഇത്തരക്കാര്‍ക്ക് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാതെയും വേണം.രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്‌റൂമും ഉള്‍പ്പെടുന്നതാണ് വീട്.

Leave a Reply