ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആട് 3-വൺ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ തീയറ്ററിൽ കാര്യമായി ആളെ കൂട്ടിയിരുന്നില്ല. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും വൈകാതെ ചിത്രം സോഷ്യല്‍ മീഡിയ ആഘോഷിക്കാൻ തുടങ്ങി. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലു മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ഇന്നും സിനിമ ആരാധകർ ഇടയ്ക്കിടയ്ക്ക് മതിമറന്ന് ചിരിക്കാൻ വേണ്ടി കാണുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ആട് ത്രീയ്ക്കായി ചെറിയ കാത്തിരിപ്പും അന്വേഷണവും ഒന്നുമല്ല മലയാളികൾ നടത്തുന്നത്.
ഫെബ്രുവരിയിൽ ആട് 3യുടെ പ്രീ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് ജയസൂര്യ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ജയസൂര്യ- വിനായകൻ കോമ്പോയിൽ ഒറുങ്ങുന്ന ചിത്രത്തിന്റെ പൂജ നടന്നിരുന്നു. ഇവിടെ വച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് ആട് 3 ഉടൻ തുടങ്ങുമെന്നാണ് ജയസൂര്യ പറഞ്ഞത്.
നടന്റെ പ്രതികരണം കൂടിയായപ്പോൾ ആവേശം കൊടുമുടിയിലാണ് ആട് ആരാധകർ.‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’എന്ന് പേരിട്ട മൂന്നാം ഭാഗത്തിൽ വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.