Spread the love

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ അപ്രതീക്ഷിത വിയോഗം അവിശ്വസനീയമാണെന്ന് നടന്‍ ജയസൂര്യ. സൂഫിയും സുജാതയും സെറ്റില്‍ വച്ചാണ് സംവിധായകനുമായി താന്‍ അടുക്കുന്നത്. ഇദ്ദേഹത്തെ നേരത്തെ അറിയാമല്ലോ എന്ന തരത്തിലുള്ള അടുപ്പമാണ് തനിക്ക് ഷാനവാസിനോട് തോന്നിയത് എന്നാണ് ജയസൂര്യ മനോരമയോട് പ്രതികരിക്കുന്നത്.

ഒരുപാടു നല്ല നിമിഷങ്ങള്‍ ഷാനവാസിനൊപ്പം ലൊക്കേഷനില്‍ ഉണ്ടായി. ഈ അടുത്ത ദിവസങ്ങളില്‍ ചില സ്വപ്‌നങ്ങള്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ചില തിരക്കഥയുടെ പണിപ്പുരയിലായിരുന്നു, സ്വപ്നങ്ങള്‍ പലതും ബാക്കിവച്ചാണ് അദ്ദേഹത്തിന്റെ വിയോഗം. ഇനിയും ഒരുപാട് പ്രണയകാവ്യങ്ങള്‍ ആ തൂലികയില്‍ നിന്നും പിറക്കാന്‍ കൊതിച്ചു കാത്തിരിപ്പുണ്ടെന്നും ജയസൂര്യ പറയുന്നു.

ചില സൗഹൃദങ്ങള്‍ ജീവിതാവസാനം വരെയുള്ളതാണ്. ഷാനവാസിനോടൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഒരിക്കലും വിട്ടുപോകില്ല. എന്നും ആ ചിരിച്ച മുഖം ഉള്ളിലുണ്ടാകും എന്നും ജയസൂര്യ പറഞ്ഞു. ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും ചിത്രത്തില്‍ ജയസൂര്യ ആയിരുന്നു നായകന്‍. കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മാണം. മൂന്നാമത്തെ സിനിയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്ബത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്നലെ 10.20ന് ആണ് മരണം സംഭവിച്ചത്.

Leave a Reply