കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് പിന്തുണ അറിയിച്ച് നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ അറിയിച്ചു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന സജനയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതചിന് പിന്നാലെയാണ് സഹായവുമായി ജയസൂര്യ രംഗത്തെത്തിയത്.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ബിരിയാണി വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് സജന. എന്നാല്‍ ചിലര്‍ തങ്ങളെ കച്ചവടം നടത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് സജന ആരോപിച്ചിരുന്നത്. ചിലര്‍ കച്ചവട സ്ഥലത്തെത്തി ജോലി തടസപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനാല്‍ കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്നും സജന പറഞ്ഞു.
ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവരില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും സജന സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ചു കൊണ്ടു പോകേണ്ടി വന്ന തന്റെ ദുരവസ്ഥയെ കുറിച്ചും സജന വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേരാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സജനയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.