മലയാള സിനിമ ചരിത്രത്തിലെ സൂപ്പർഹിറ്റ് ചിത്രമാണ് ദൃശ്യം. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരാണ്. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിൽ തനിക്കുണ്ടായിരുന്ന അവ്യക്തതയെക്കുറിച്ച് തുറന്നു പറയുകയാണ് ജീത്തു ജോസഫ്. പൊലീസ് വീട്ടിലെത്തുന്ന ഒരു രംഗത്തിൽ ജോർജ്കുട്ടിയുടെ റിയാക്ഷനെന്താവണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അതിനാൽ ലാലേട്ടനോട് അത് പറഞ്ഞുകൊടുക്കാനും തനിക്ക് ആയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കോളെജ് വിദ്യാർഥികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖസംഭാഷണത്തിലാണ് ജീത്തു ഇക്കാര്യം പറയുന്നത്.
ജോർജ്ജൂട്ടിയെ കാണാൻ വീട്ടിൽ പൊലീസുകാർ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷൻസിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഒരു റിയാക്ഷനെക്കുറിച്ചു മാത്രം എനിക്ക് അറിയുമായിരുന്നില്ല, അവിടെ എന്താണ് വേണ്ടതെന്ന്.. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ്, പൊലീസുകാരുടെ ചോദ്യങ്ങൾക്കിടെ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട്, അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അതുകേട്ട് ജോർജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയിൽ നിന്ന് പോയെന്നും. എന്നാൽ ജോർജൂട്ടിയുടെ മുഖത്ത് ഞെട്ടൽ വരാൻ പാടില്ല. ശരിക്കും കഥാപാത്രത്തിൻറെ ഉള്ളിൽ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. സംസാരിച്ചുകൊണ്ടിരുന്നയാൾ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും കഥാപാത്രം. ആ ഷോട്ട് ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടിൽ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷൻ ആയിരുന്നു പ്രധാനം. ആക്ഷൻ പറഞ്ഞപ്പൊ ലാലേട്ടൻ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാർഥ റിയാക്ഷൻ.” ജീത്തു ജോസഫ് പറയുന്നു.
മോഹൻലാലും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ജിത്തു ജോസഫ്. ഉടനെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.