ഷാർജ :തീരദേശത്തിന് ഇത് അഭിമാന നിമിഷം.തിരുവനന്തപരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി ജെനി ജെറോം ഇന്ന് രാത്രി 10:25 ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യ വിമാനം പറത്താൻ ഒരുങ്ങുകയാണ്. തീരദേശത്തെ ആദ്യ വനിതാ പൈലറ്റ് ആയ ജെയുടെ നേട്ടം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.23കാരിയായ ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹമാണ് ഇതിലൂടെ പൂവണിയുന്നത്. കേരളത്തിലെ ആദ്യ വനിത കൊമേഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി ജെനിയെ തേടിയെത്തിയിരിക്കുകയാണ്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ആഗ്രഹം പിതാവിനോട് പറയുകയും പിതാവ് ജെറോം തന്റെ ആഗ്രഹത്തിന് തുണയാവുകയും ആയിരുന്നു എന്ന് ജെനി പറയുന്നു.പ്ലസ്ടുവിന് ശേഷം ഷാർജയിലെ ആൽഫ ഏവിയഷൻ അക്കാദമിയിൽ പ്രവേശനം നേടി ജെനി തന്റെ സ്വപ്നത്തിന് ചിറക് വിരിക്കുകയായിരുന്നു.ഞായറാഴ്ച പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. സോഷ്യൽ മീഡിയായിൽ മുഴുവൻ ജെനിക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം പറക്കുന്ന തോടെ കേരളത്തിലെ തീരദേശ മേഖലക്ക് പുതിയൊരു ചരിത്ര നേട്ടം സൃഷ്ടിക്കുകയാണ് ജെനി ജെറോം.