കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് ജിഷിൻ മോഹൻ. കൂടാതെ സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട് . അത്തരത്തിൽ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ ചിരി ഉണർത്തിയിരിക്കുന്നത്.
“ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ” എന്നു തുടങ്ങുന്ന അതിരസകരമായ കുറിപ്പ് പങ്കുവെച്ചാണ് ജിഷിന്റെ പോസ്റ്റ്. തങ്ങൾ ശരിക്കും ബംഗാളികളേക്കാൾ കൂടുതൽ പണിയെടുക്കുന്നുണ്ട് എന്നാണ് ജിഷിൻ പറയുന്നത്. പെട്ടി ചുമന്ന് കൊണ്ടു പോകുന്ന താരത്തെയും വീഡിയോയിൽ കാണാം.
ജിഷിൻ മോഹന്റെ കുറിപ്പ് പൂർണ്ണരൂപം;
ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ
. രാവിലെ 6 മണിക്ക് ഹോട്ടലിൽ വണ്ടി വരും. 7 മണിയോടു കൂടി മേക്കപ്പ് ഇട്ടു റെഡി ആയി സീനിൽ നിൽക്കും. ചിലപ്പോൾ രാത്രി പത്തു മണി വരെയൊക്കെ ഷൂട്ട് നീണ്ടു പോകും. ചിലരൊക്കെ ചോദിക്കാറുണ്ട്. നിങ്ങൾക്കൊക്കെ എന്നാ സുഖമാ, ഒരു പണിയും ഇല്ലല്ലോ എന്ന്. ശെരിക്കും ബംഗാളികളെക്കാൾ കൂടുതൽ പണി എടുക്കുന്നത് നമ്മളാ. നമ്മളെക്കാൾ കൂടുതൽ ക്യാമറക്ക് പുറകിൽ ജോലി ചെയ്യുന്നവരും. രാവിലെ വരുമ്പോൾ ചിലപ്പോൾ കോസ്റ്റൂമർ പെട്ടി എടുത്തു വെക്കാൻ സഹായിക്കും. ചില ദിവസങ്ങളിൽ ഇങ്ങനെ സീൻ നേരത്തെ കഴിഞ്ഞു പോകുമ്പോൾ അവനെ നോക്കിയാൽ അവിടെങ്ങും കാണില്ല. പിന്നെന്തു ചെയ്യും? വേറാരുടെയും പെട്ടി അല്ലല്ലോ. സ്വന്തം പെട്ടി അല്ലേ. ചുമക്കുന്നതിൽ യാതൊരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അല്ലേ
. കുബേരൻ സിനിമയിൽ രാമാനുജൻ അവിൽ ചാക്കുമായി ‘സതീർധ്യോ’ എന്ന് വിളിച്ചു നിൽക്കുന്ന പോലെ നിൽക്കുന്ന കറക്റ്റ് സമയത്ത് നമ്മുടെ മേക്കപ്പ്മാൻ വിനോദ് വീഡിയോ പിടിച്ചു. അന്നത്തെ ദിവസം ആവശ്യത്തിലധികം പണി എന്റെ കയ്യിൽ നിന്നും കിട്ടിയത് കൊണ്ട്, തിരിച്ചു പണി തരാൻ അവൻ എടുത്ത വീഡിയോയാ. അവൻ ഇടുന്നതിനു മുൻപ് ഞാൻ തന്നെ ഇട്ടേക്കാം.
അങ്ങനെയിപ്പോ എന്നെ ട്രോളാൻ ഒരുത്തനേം ഞാൻ സമ്മതിക്കില്ല. എന്നെ ട്രോളാൻ ഞാൻ തന്നെ മതി