മെഡിക്കല്‍ ഗ്രൂപ്പിന്റെ വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്; തട്ടിപ്പിൽ കുടുങ്ങി മലയാളികളും.
അബുദാബി : മെഡിക്കല്‍ ഗ്രൂപ്പിന്റെ വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്. ഒട്ടേറെ പേർക്ക് പണം നഷ്ടമായി. അബുദാബിയിലെ അഹല്യാ ഗ്രൂപ്പിന്റെ ഇ–മെയിൽ ഐഡിയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരെ നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി അഹല്യാ മെഡിക്കൽ ഗ്രൂപ്പ് രംഗത്ത് വന്നു.
കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകൾ ലോകമെമ്പാടും അതിജീവനത്തിനായി നടത്തുന്ന പോരാട്ടം മുതലെടുത്താണ് ഏജന്റുമാർ ഇത്തരം ചതിക്കുഴികളുമായി ആരോഗ്യ സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ രേഖകൾ അയച്ച് തൊഴിലന്വേഷകരെ വഞ്ചിക്കാൻ മുന്നോട്ട് വന്നത്. അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ വ്യാജ ഇ– മെയിൽ ഐഡി മുഖേന ഇന്ത്യക്കാരായ പല തൊഴിലന്വേഷകർക്കും തൊഴിൽ കരാർ നൽകിയതായി കണ്ടെത്തിയതായും വ്യാജ തൊഴിൽ രേഖകൾ ലഭിച്ച ഉദ്യോഗാർഥികൾ പലരും നേരിട്ടും ഇ– മെയിൽ മുഖേനയും അഹല്യാ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വൻ ശമ്പളം ഓഫർ ചെയ്ത രീതിയിൽ വ്യാജരേഖകളുടെ കോപ്പികൾ ശ്രദ്ധയിൽപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു. ഓൺലൈൻ ഇന്റർവ്യൂ, ടെലഫോണിക് ഇന്റർവ്യൂ തുടങ്ങിയ ചാനൽ വഴിയാണ് ഏജന്റുമാർ ഉദ്യോഗാർഥികളുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നത്.
തട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് യുവാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്താണ് സംഘം മുങ്ങിയത്.തട്ടിപ്പിനിരയായ ആറ് മലയാളി യുവാക്കളടക്കമുള്ളവർ ദുബായ് പൊലീസിലും ലേബർ കോടതിയിലും പരാതി നൽകി. കോവിഡ് കാലത്ത് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലുണ്ടായ തൊഴിൽപ്രശ്നവും സാമ്പത്തിക പരാധീനതകളും മുതലെടുത്ത് വെബ്സൈറ്റ് വഴിയായിരുന്നു മാസങ്ങളോളം തട്ടിപ്പ് നടത്തിയത്. പ്രത്യേക വെബ് സൈറ്റ് ഒരുക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവിധ വിഭാഗങ്ങളിലുള്ള ജോലിയായിരുന്നു തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്.
യുഎഇയിലെ ഒരു സെക്യുരിറ്റി കമ്പനിയുടെ പേരിൽ കൊമേഴ്സ്യൽ, റസിഡൻഷ്യൽ സെക്യുരിറ്റി, വിഐപി പ്രൊട്ടക്‌ഷൻ, സർവേല്യൻസ് മോണിറ്ററിങ്, ജനറൽ ഗാർഡിങ്, ട്രാഫിക് മാനേജ്മെന്റ് പൊസിഷൻ, ബൗൺസേഴ്സ്, പേഴ്സനൽ ഗാർഡ്സ് വിഭാഗങ്ങളിലേയ്ക്കാണ് വെബ് സൈറ്റിലൂടെ ഉദ്യോഗാർഥികളെ ക്ഷണിച്ചത്. മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, നൈജീരിയ എന്നീ രാജ്യക്കാരുമടക്കം നൂറുകണക്കിന് പേർ ഇതു കണ്ട് അപേക്ഷിക്കുകയും തട്ടിപ്പിനിരയാകുകയും ചെയ്തു.
കോവിഡ് മഹാമാരിക്കാലത്ത് തൊഴിലന്വേഷകരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഈ തട്ടിപ്പിനെതിരെ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്ന് അഹല്യാ ഗ്രൂപ്പ് എച്ച് ആർ വിഭാഗം അറിയിച്ചു. അഹല്യാ മെഡിക്കൽ ഗ്രൂപ്പിന് ഏതെങ്കിലും റിക്രൂട്ട്മെൻ്റ് ഏജൻസികളുമായി കരാറോ തൊഴിലവസങ്ങൾ നൽകുന്നതിന് ഫീസോ ഈടാക്കാറില്ല എന്നും ജോലി അന്വേഷകരോട് തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും അറിയിച്ചു. സംശയാസ്പദമായ ഏതെങ്കിലും തൊഴിൽ കരാറുകൾ കൈപ്പറ്റിയാൽ അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അധികൃതരെ hrahalia@ahaliagroup.com എന്ന ഇ– മെയിൽ വഴി ബന്ധപ്പെടണം.