Spread the love
ജോജു ജോർജ് മദ്യപിച്ചില്ലെന്ന് പരിശോധനാഫലം: നടനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ

കൊച്ചി: ഇന്ന് കൊച്ചിയിൽ നടന്ന കോൺ​ഗ്രസിൻ്റെ വഴി തടയൽ സമരത്തോട് പ്രതികരിച്ചതിൻ്റെ പേരിൽ വിവാദത്തിലായ നടൻ ജോജു‍ ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺ​ഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ജോജു ജോർജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവർ ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സംഘർഷസ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ നേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചത് മദ്യപരിശോധന നടത്തിയത്. ഉച്ചയോടെ വന്ന പരിശോധനഫലമനുസരിച്ച് ജോജുവിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായിട്ടില്ല. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ​ഗ്രസ് പ്രവ‍ർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

​ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. അദ്ദേഹം അസഭ്യം വിളിച്ചു പറഞ്ഞ് മുണ്ടും മടക്കി കുത്തി നടന്നു പോകുന്നത് ചാനൽ ​ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിനെതിരെ പൊലീസിൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ പരാതി നൽകും. ആ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ നാളെ കേരളം അതിരൂക്ഷമായ സമരം സർക്കാർ കാണേണ്ടി വരുമെന്നും കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.

അതേസമയം സമരക്കാരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് ജോജു ജോർജ് പറഞ്ഞു. എൻ്റെ വണ്ടിയവർ തല്ലിപ്പൊളിച്ചു. കേരളത്തിലെ കോൺ​ഗ്രസ് പ്രവർത്തകരോടോ നേതാക്കളോടോ അല്ല അവിടെ കൂടി നിന്ന് വഴി തടഞ്ഞ നേതാക്കളോടാണ് ഞാൻ പോയി പറഞ്ഞത്, ‘ഈ കാണിക്കുന്നത് തെണ്ടിത്തരമാണെന്ന്’. റോഡിൽ കിടന്ന് സഹികെട്ടാണ് ഞാനത് പോയി പറഞ്ഞത്. ഒരു സിനിമാക്കാരനല്ല സാധാരണക്കാരാനാണെങ്കിലും അതു തന്നെ പറയും. ഞാൻ സമരത്തെ ചോദ്യം ചെയ്തെങ്കിൽ അവർക്കെന്നെ പറയാമായിരുന്നു. എന്നാൽ എൻ്റെ അച്ഛൻേയും അമ്മയേയും തെറി പറയുകയാണ് അവർ ചെയ്തത് – ജോജു പറഞ്ഞു.

Leave a Reply