ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തി സഹനടനായി പിന്നീട് നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ആളാണ് ജോജു ജോർജ്. 2021ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ജോജു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ജോജുവിന്റെ സംവിധാന സ്വപ്നമായ പണി വലിയ പ്രേക്ഷക പ്രീതിയും തിയറ്റർ സക്‌സസും നേടിയിരുന്നു. 2024ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പണിയുടെ രണ്ടാം ഭാഗവും വൈകാതെ പ്രതീക്ഷിക്കാമെന്ന് ജോജു പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് ജോജു. ഡീലക്സ് എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.
ഉർവ്വശിയുമായി ഒന്നിക്കുന്ന ജോജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ആശയുടെ പൂജ ചടങ്ങ് ഇന്നലെ നടന്നിരുന്നു. ഇതിൽ സംസാരിക്കവെ ആണ് പണി 2 വിന്റെ ടൈറ്റിൽ താരം പ്രഖ്യാപിച്ചത്. ഡീലക്സ് എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. പണിയുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്നും വേറെ തന്നെ സിനിമയാണെന്നും ജോജു ചോദ്യങ്ങളോട് പ്രതികരിച്ചു. നായക കഥാപാത്രത്തിന്‍റെ പേര് ഡീലക്സ് ബെന്നി എന്നായതുകൊണ്ട് പടത്തിന് ഡീലക്സ് എന്ന് പേരിട്ടതാണ്, ജോജു ജോര്‍ജ് പറഞ്ഞു. ഗിരിയേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഗിരി എന്ന കഥാപാത്രത്തെയാണ് പണിയില്‍ ജോജു അവതരിപ്പിച്ചത്.







