കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെൺകുട്ടിയാണ് നടൻ ജോജു ജോജിന്റെ പണി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും വീണ്ടും തിരിച്ചുവരവ് നടത്തിയ നടി അഭിനയ. കേൾവിയോ സംസാരശേഷിയോ ഇല്ലാത്ത താരം കഥാപാത്രത്തിന്റെ ഉള്ളുതൊട്ടറിഞ്ഞു അഭിനയിക്കുന്നത് പ്രേക്ഷകരെ കുറച്ചൊന്നുമല്ല വിസ്‍മയിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ മലയാളത്തിന്റെ ഇഷ്ടം കവർന്ന നടി വിവാഹിതയാവുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അഭിനയ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ വരന്റെ പേരോ മുഖം വ്യക്തമായി കാണുന്ന ചിത്രമോ അഭിനയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, സിനിമയിൽ നിന്നുള്ള വ്യക്തിയല്ല അഭിനയയുടെ വരൻ എന്നാണ് അറിയാൻ കഴിഞ്ഞത്. 2025 ഏപ്രിൽ മാസത്തിലാവും വിവാഹം എന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
18 വർഷത്തിനിടയിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങൾ അഭിനയ ഇതിനകം പൂർത്തിയാക്കി. നാടോടികളാണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം. ഐസക് ന്യൂട്ടൺ S/O ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളം സിനിമയിലെത്തിയത്. മലയാളത്തിൽ ഇതിനകം അഞ്ചു ചിത്രങ്ങളിൽ അഭിനയ അഭിനയിച്ചു കഴിഞ്ഞു.
