ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സിദ്ധാർഥ്. ‘മിസ് യു’ എന്ന നടന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ. ഈ വേളയിൽ അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’വിന്റെ റിലീസ് മിസ് യു എന്ന സിനിമയെ ബാധിക്കുമോ എന്ന ചോദ്യത്തിന് നടൻ നൽകിയ രസകരമായ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഈ മാസം 29 നാണ് മിസ് യു തിയേറ്ററുകളിലെത്തുക. അഞ്ച് ദിവസങ്ങൾക്കിപ്പുറമാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. അല്ലു ചിത്രത്തോട് മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് തന്റെ പ്രശ്നമല്ല, അവരാണ് ആലോചിക്കേണ്ടത് എന്നായിരുന്നു നടന്റെ മറുപടി. ഒരു ചിത്രം നല്ലതാണെങ്കിൽ അത് തിയേറ്ററുകളിൽ നിലനിൽക്കും. സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്ന ഇന്നത്തെ ലോകത്ത് നല്ല സിനിമ തിയേറ്ററുകളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സിനിമയുടെ പ്രകടനത്തെ പുഷ്പ 2 ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചിറ്റാ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് നായകനായെത്തുന്ന സിനിമയാണ് മിസ് യു. ‘മാപ്പ്ള സിങ്കം’, ‘കളത്തിൽ സന്ധിപ്പോം’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന മിസ് യൂ റൊമാൻ്റിക് എൻ്റർടെയ്നറാണ്.