കൊച്ചി∙ ഭാര്യ ടി.വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദ്യങ്ങളുമായി വളഞ്ഞ മാധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേക്കിറങ്ങിയ മന്ത്രിക്കു മുന്നിലേക്ക് മൈക്കുകളുമായി മാധ്യമപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് മന്ത്രി ഓണാശംസ നേർന്ന് വാഹനത്തിൽ കയറി പോയത്. ‘‘എല്ലാവർക്കും ഓണാശംസകൾ, ഓണാശംസകൾ..’’ എന്നു പറഞ്ഞ് കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ മന്ത്രി വാഹനത്തിന് അടുത്തേക്കു പോയി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി പിന്നാലെ കൂടിയെങ്കിലും ‘ഹാപ്പി ഓണം’ പറഞ്ഞ് മന്ത്രി വാഹനത്തിൽ കയറി.
ഇപ്പോൾ തനിക്ക് അനങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് മാധ്യമപ്രവർത്തകർക്കു മുന്നിൽ മന്ത്രി മുൻപു പറഞ്ഞിരുന്നു. ‘‘എനിക്ക് മുന്നോട്ടു നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ നടന്നാൽ മന്ത്രി മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തു എന്ന് വാർത്ത വരാൻ സാധ്യതയുണ്ട്. മിണ്ടാതിരുന്നാൽ, ഉത്തരം മുട്ടി എന്ന് പറഞ്ഞ് വാർത്ത വരാൻ സാധ്യതയുണ്ട്. ചിരിച്ചാൽ, പരിഹസിച്ച ഭീകരൻ എന്നു പറഞ്ഞ് വാർത്ത വരാൻ സാധ്യതയുണ്ട്. ഇനി തിരിഞ്ഞു നടന്നാൽ, ഒളിച്ചോടി എന്നു പറഞ്ഞ് വാർത്ത വരാൻ സാധ്യതയുണ്ട്. ഞാനും ഒരു മനുഷ്യനാണ്. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾ തന്നെ പറയൂ’’ – ഇതായിരുന്നു അന്ന് മന്ത്രിയുടെ വാക്കുകൾ.‘‘ചിലർക്ക് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചത് ദഹിക്കാത്ത പ്രശ്നമുണ്ട്. അതിന്റെ ഒരു പ്രയാസം ഉണ്ട്. അതിൽ ഒന്നും ചെയ്യാനില്ല. അതിനുള്ള മരുന്ന് ഉണ്ടെന്നും തോന്നുന്നില്ല. നിങ്ങൾക്കല്ല, വേറെ ചിലർക്കാണ് ആ പ്രയാസം. നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തത് ഒരു തെറ്റാണോ? കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാരിനു തുടർ ഭരണം ഉണ്ടായതിൽ ഉറക്കം നഷ്ടപ്പെട്ടവർ, ആ ഉറക്കം കിട്ടാൻ മരുന്നു കഴിക്കുകയോ എന്തെങ്കിലും വ്യായാമം ചെയ്യുകയോ ചെയ്യുക എന്നതല്ലാതെ അതിന് ഇങ്ങനെ പിന്നാലെ നടന്നതുകൊണ്ടു കാര്യമുണ്ടോ?’’ – മന്ത്രി പറഞ്ഞു.