പലപ്പോഴും വ്യാജവാർത്തകൾക്ക് ഇരയാകുന്നവരാണ് സിനിമ താരങ്ങളും അവരുടെ കുടുംബ അംഗങ്ങളും. അവരെക്കുറിച്ച് കിംവദന്തികളും വ്യാജ കഥകളും ഓൺലൈനിൽ അതിവേഗം പ്രചരിക്കാറുണ്ട്. പല സെലിബ്രിറ്റികളും ഈ കിംവദന്തികൾ അവഗണിക്കാറാണ് പതിവ്. എന്നാല്‍ പരിധികള്‍ ലംഘിക്കുന്ന ഇത്തരം ഗോസിപ്പുകളെ നിയമപരമായും സെലിബ്രിറ്റികളും അവരുടെ കുടുംബവും നേരിടാറുണ്ട്. അത്തരത്തിലുള്ള പല കേസുകളും വന്‍ വാര്‍ത്തയുമായിട്ടുണ്ട്.
അത്തരത്തില്‍ ഒരു നിയമ നടപടിയിലേക്ക് കടന്നിരിക്കുകയാണ് അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ. ഇന്‍റര്‍നെറ്റില്‍ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെയാണ് സെലിബ്രിറ്റികളുടെ പുത്രി ഇപ്പോള്‍ കോടതിയെ സമീപിച്ചത്.
ഓൺലൈനിൽ തന്നെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്‍റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആരാധ്യ ബച്ചൻ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. ബാർ ആന്‍റ് ബെഞ്ചിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വിഷയത്തിൽ വേഗത്തിൽ തീർപ്പാക്കണമെന്ന് ആരാധ്യയുടെ ഹര്‍ജിയില്‍ കോടതി മറ്റ് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഗൂഗിളും ബോളിവുഡ് ടൈംസും ഉൾപ്പെടെ നിരവധി കക്ഷികള്‍ക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. കേസില്‍ അടുത്ത വാദം 2025 മാർച്ച് 17-നാണ് കോടതി വച്ചിരിക്കുന്നത്.
2023 ഏപ്രിലില്‍ ആരാധ്യ ബച്ചൻ ‘ഗുരുതരമായ അസുഖം’ എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനോട് ഉത്തരവിട്ടിരുന്നു. ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞ കോടതി അത്തരം തെറ്റായ വിവരങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും പറഞ്ഞു. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിന് ഉത്തരവാദികളായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും ഗൂഗിളിനോട് കോടതി നിർദ്ദേശം നൽകിയിരുന്നു കൂടാതെ ഭാവിയിൽ ഇത്തരത്തിലുള്ള വീഡിയോകൾ വേഗത്തിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസർക്കാരിനും കോടതി നിർദേശം നൽകി. എന്നാല്‍ ഈ വിധി ചില ചില വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പാലിച്ചില്ലെന്നാണ് ഇപ്പോള്‍ ആരാധ്യ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. വിധിയില്‍ തുടർ നിയമനടപടി ആവശ്യപ്പെട്ടാണ് ആരാധ്യ ബച്ചൻ രണ്ടാമത്തെ ഹർജി സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ പ്രവീൺ ഗാന്ധിയാണ് വിധി നടപ്പിലാക്കി കിട്ടാന്‍ ആരാധ്യയ്ക്കായി അപേക്ഷ സമർപ്പിച്ചത്. ഈ വിഷയം ലാഘവത്തോടെ കാണില്ലെന്ന സൂചന നൽകിയാണ് കോടതി ഇപ്പോള്‍ മറ്റ് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.