
ഇന്ന് ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം.പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇന്ന്. പ്രകൃതിയെ നിസാരമായി കാണരുതെന്നും അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.
പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യലുമാണ് ഇതിന്റെ ലക്ഷ്യം. 1974 മുതലാണ് ഐക്യരാഷ്‌ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. ഒരേ ഒരു ഭൂമി എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. പ്രകൃതിയുമായി യോജിച്ച് സുസ്ഥിരമായി ജീവിക്കുക എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.
പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
‘നാടാകെ നവകേരളം പച്ചത്തുരുത്ത്’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പാലപ്പുഴ അയ്യപ്പൻകാവിലെ 136 ഏക്കർ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകൾക്ക് ഇന്നു തുടക്കമാവും.