തൊഴിലുറപ്പിന് പോയി കുടുംബം നോക്കിയിരുന്ന ഗോത്രവനിതയായിരുന്നു രുക്മിണി കടാര. ഇന്ന് 50 വനിതകള്‍ക്ക് ജോലി നല്‍കുന്ന വലിയൊരു കമ്പനിയുടെ സിഇഒ ആണ് രുക്മിണി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 3.5 കോടി രൂപയാണ് രുക്മിണിയുടെ ഉടമസ്ഥതയിലുള്ള ദുര്‍ഗ സോളാന്‍ കമ്പനി വിറ്റുവരവ് നേടിയത്.
കഠിനാധ്വാനത്തിന്റെ വലിയൊരു ദൂരം താണ്ടിയാണ് തൊഴിലുറപ്പ് ജീവനക്കാരിയില്‍ നിന്ന് സിഇഒ പദവിയിലേക്ക് രുക്മിണി എത്തുന്നത്. രാജസ്ഥാനിലെ ദുന്‍ഗര്‍പുരാണ് രുക്മിണിയുടെ സ്ഥലം. സോളാന്‍ വിളക്കുകളും പ്ലേറ്റുകളും നിര്‍മിക്കാന്‍ പഠിപ്പിക്കുന്ന രാജിവികയിലെത്തുന്നതോടെയാണ് രുക്മിണിയുടെ ജീവിതം മാറിമറയുന്നത്. സോളാര്‍ വിളക്കുകളും മറ്റും നിര്‍മിക്കാനാണ് രുക്മണി ആദ്യം പഠിച്ചത്. തുടര്‍ന്ന് സ്വന്തമായി ഒരു സോളാര്‍ കമ്പനി തന്നെ രുക്മിണി ആരംഭിച്ചു.
2016-ല്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് രുക്മിണിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചിരുന്നു. വിദ്യാഭ്യാസം കുറവാണെന്ന് കരുതി സ്ത്രീകള്‍ സ്വയം തങ്ങളെ ചെറുതായി കാണരുതെന്നാണ് അന്നത്തെ പരിപാടിയില്‍ അവര്‍ പ്രസംഗിച്ചത്. വിദ്യാഭ്യാസം കുറവാണെങ്കിലും വളരാന്‍ സാധിക്കുമെന്ന് അവര്‍ തന്റെ അനുഭവത്തിലൂടെ സ്ത്രീകള്‍ക്ക് കാണിച്ചുകൊടുത്തു. ഒന്‍പതാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് രുക്മിണിക്ക് ഉള്ളത്. ‘ഞാന്‍ പഠിച്ചത് ഒന്‍പതുവരെയാണ്. ഞാനിന്ന് ഒരു കമ്പനിയുടെ മുതലാളിയാണ്. എനിക്കിതിന് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് മറ്റുസ്ത്രീകള്‍ക്ക് സാധിച്ചുകൂടാ?’ അവര്‍ ചോദിക്കുന്നു.