ചെറിയ നിക്ഷേപങ്ങൾ നടത്തി മികച്ച ലാഭം നേടാൻ സാധിക്കുന്ന ഒട്ടനവധി പദ്ധതികൾ കെഎസ്എഫ്ഇയുടെ കീഴിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചിട്ടികൾ. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ചും തിരിച്ചടവ് ശേഷിയുളളതുമായ ഒട്ടനവധി ചിട്ടികൾ കെഎസ്എഫ്ഇയ്ക്കുണ്ട്. അഞ്ച് ലക്ഷത്തിന്റെ ചിട്ടിയാണ് അതിൽ പ്രധാനപ്പെട്ടത്. പ്രതിമാസം 5000 രൂപ വീതം അടച്ച് നിങ്ങൾക്ക് ഈ ചിട്ടിയിൽ ചേരാം. കൃത്യമായി പറഞ്ഞാൽ ദിവസവും 160 രൂപ മാറ്റിവയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു മാസം 5000 രൂപ ചിട്ടിയിൽ അടയ്ക്കാവുന്നതാണ്.
ഈ ചിട്ടിയെക്കുറിച്ച് കൂടുതലറിയാം..
100 മാസമാണ് ചിട്ടിയുടെ കാലാവധി. ഈ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 25,000 രൂപയാണ്. അത് ചിട്ടിത്തുകയിൽ നിന്നും ഈടാക്കും. മാത്രമല്ല ഇതിനുപുറമേ നിക്ഷേപകർ ജിഎസ്ടിയായി 4,500 രൂപയും, ഡോക്യുമെന്റേഷൻ ചാർജായി 236 രൂപയും നൽകണം. ഈ ചിട്ടിയിൽ 30ശതമാനം താഴ്ത്തി ലേലത്തിൽ വിളിച്ചാൽ കിട്ടുന്ന തുക മൂന്നര ലക്ഷം രൂപയാണ്. അതേ സ്ഥാനത്ത് ചിട്ടിയിൽ നിന്നും ലഭിക്കുന്ന പരമാവധി തുക 4.75 ലക്ഷം രൂപ വരെയാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് ചിട്ടി വിളിച്ചെടുക്കാവുന്നതാണ്.
ഇങ്ങനെ ചിട്ടിത്തുക നിക്ഷേപിച്ചാൽ സിഎസ്ഡിടി സ്കീം പ്രകാരം ഒമ്പത് ശതമാനം വരെ പലിശ ലഭിക്കും.ഈ നിക്ഷേപത്തിൽ നിന്നും ഒരോ വർഷവും 31,073 രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് ഓരോ മാസവും 2,589 രൂപയാണ് ലഭിക്കുന്നത്. ചിട്ടി 30 ശതമാനം താഴ്ത്തി വിളിക്കുന്നതിനാൽ എല്ലാ മാസവും 1,250 രൂപ ചിട്ടിയിലെ ഓരോ അംഗങ്ങൾക്കും ലാഭവിഹിതവും ലഭിക്കും. നിങ്ങൾ ചിട്ടിയിൽ ചേർന്ന് ആദ്യ മാസത്തിൽ 5000 രൂപ അടച്ചെങ്കിൽ, രണ്ടാമത്തെ മാസത്തെ അടവ് 3750 രൂപയായിരിക്കും. കാരണം 1,250 രൂപ ലാഭ വിഹിതം ലഭിക്കുന്നു. ഈ ചിട്ടി എത്ര മാസം വരെ 30 ശതമാനം താഴ്ന്ന് പോകുന്നുവോ അത്രയും മാസം വരെ നിങ്ങൾക്ക് 3,750 രൂപ അടച്ചാൽ മതി.
ആദ്യ മാസം തന്നെ ചിട്ടി വിളിച്ചെടുത്താൽ രണ്ടാമത്തെ മാസമായിരിക്കും ആ തുക നിങ്ങൾക്ക് ലഭിക്കുന്നത്. അതേ മാസം തന്നെ ചിട്ടിത്തുക കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതൽ പലിശ ലഭിച്ച് തുടങ്ങുന്നു. അതിനാൽ പലിശ ബാക്കി 98 മാസത്തേക്കായിരിക്കും കണക്കാക്കുന്നത്. ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ച് മറ്റു ചാർജുകളും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 3,45,264 രൂപയാണ്. 98 മാസം കിട്ടിയ പലിശയും നിക്ഷേപ തുകയും ചേരുമ്പോൾ ഏകദേശം ആറ് ലക്ഷത്തോളം ഉണ്ടായിരിക്കും. 100 മാസത്തെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയും ലഭിക്കും. അടുത്തുളള കെഎസ്എഫ്ഇ ബ്രാഞ്ചിൽ എത്തി ചിട്ടിയെക്കുറിച്ച് കൂടുതൽ മനസിലാക്കിയതിനുശേഷം മാത്രം ചേരുക.








