സോറി ചലഞ്ചുമായി നടി ജ്യോതി കൃഷ്ണ. ഒരിക്കല്‍ ഈഗോ കാരണം പറയാതെ പോയ സോറികള്‍ പറയാന്‍ ഒരു അവസരം എന്ന നിലയിലാണ് ജ്യോതി കൃഷ്ണ സോറി ചലഞ്ച് തുടങ്ങിയത്. നടന്‍ സലിം കുമാറിനോടും അമ്മയോടുമൊക്കെ ജ്യോതി സോറി പറഞ്ഞു. ഏഴ് വർഷം മുമ്പ് സിനിമാ സെറ്റിലുണ്ടായ വഴക്കിനാണ് ജ്യോതി സലിം കുമാറിനോട് മാപ്പ് ചോദിച്ചത്. അന്ന് ആ വഴക്ക് തന്‍റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചുപോയതാണെന്നും ക്ഷമിക്കണമെന്നും ജ്യോതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ജ്യോതികൃഷ്ണയുടെ വാക്കുകൾ
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളും സംഭവിച്ചിട്ട് ഒരു സോറി പറയാതെ ഈഗോ വച്ച് നമ്മൾ മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങൾ കഴിഞ്ഞ് ചിന്തിക്കുമ്പോൾ നമുക്ക് തോന്നും ചെയ്തത് ശരിയായില്ലെന്ന്. ഒരു സോറി പറയാമായിരുന്നെന്ന് തോന്നും. ആ സമയത്ത് ഈഗോ വിട്ട് സോറി പറഞ്ഞാൽ മനസിന് തന്നെ സമാധാനം ഉണ്ടാകും. അത് കേൾക്കുന്നവർക്കും സന്തോഷം. അറ്റുപോയ ഒരു ബന്ധം തിരിച്ചുകിട്ടും ചിലപ്പോൾ.
എൻറെ ജീവിതത്തിലും ഒരുപാട് പേരുടെയടുത്ത് വഴക്കുണ്ടാക്കിയിട്ടുണ്ട്. ചിലരോടൊക്കെ സോറി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈഗോ കാരണം സോറി പറയാതിരുന്ന ചിലരോടാണ് ഇന്നെനിക്ക് സോറി പറയാനുള്ളത്.
നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് ഞാൻ ആദ്യം സോറി പറയുന്നത്. 2013ൽ മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വച്ച് ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത് എന്നാണ് ഇപ്പോൾ തോന്നുന്നത്. നല്ല രീതിയിലുള്ള വഴക്കായി മാറി. വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം സംസാരിച്ചില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്ഛം തോന്നുവാ. പിന്നീട് സലീമേട്ടൻ വിളിച്ചിരുന്നു. സംസാരിച്ചിട്ടുണ്ടെങ്കിലും അന്ന് സോറി പറഞ്ഞില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ സോറി പറയുന്നു.
രണ്ടാമത് ജ്യോതികൃഷ്ണ സോറി പറഞ്ഞത് അമ്മയോടാണ്. അമ്മ താൻ കാരണം ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. സങ്കടപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ അമ്മയോട് സോറി പറയുകയാണെന്ന് ജ്യോതി കൃഷ്ണ പറഞ്ഞു. എട്ടാം ക്ലാസിൽ കൂടെ പഠിച്ച കുട്ടിയോട് മോശമായി പെരുമാറിയതിനും ജ്യോതി സോറി ചോദിച്ചു. സോറി പറയുമ്പോൾ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും നമ്മുടെ നന്മ പുറത്തുവരികയാണ് ചെയ്യുന്നതെന്നും ജ്യോതി പറയുന്നു.