പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. ടൂറിസം വകുപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയുമുണ്ട്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്‌തത്. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷൻ നടത്തിയ വ്ലോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്. 33കാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാൻ സന്ദർശിച്ചതായി തെളിഞ്ഞു. പാകിസ്ഥാനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധം പുലർത്തിയതായും വിവരം ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലർത്തിയിരുന്നു. ഇതേത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തിരുന്നു.
ട്രാവൽ വിത്ത് ജോ’ എന്നതാണ് ജ്യോതിയുടെ യൂട്യൂബ് ചാനൽ. ജ്യോതിയുടെ വീഡിയോകളിൽ ഏറെയും പാകിസ്ഥാനിൽ നിന്നുമുള്ളതാണ്. ആകെ 487 വീഡിയോ ‘ട്രാവൽ വിത്ത് ജോ’ എന്ന ചാനലിലുണ്ട്. മിക്ക വീഡിയോയും പാകിസ്ഥാൻ, തായ്‌ലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്‌ചകളാണ്. കേരള സാരി അണിഞ്ഞ് കണ്ണൂരിലെത്തിയ ജ്യോതി തെയ്യം കാണുന്നതിന്റെ വീഡിയോ നേരത്തേ വൈറലായിരുന്നു.








