Spread the love

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റുചെയ്ത ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച കവിത അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതിയെ ബോധിപ്പിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്നും അധികാര ദുർവിനിയോഗത്തിന്റെ ‘ക്ലാസിക് ഉദാഹരണ’മാണിതെന്നും കവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് ഹൈദരാബാദിലെ വസതിയിൽ നിന്ന് കവിതയെ ഇഡി അറസ്റ്റുചെയ്യുന്നത്. ഇവരെ അർദ്ധരാത്രിയോടെ ഇഡി ഓഫിസിൽ എത്തിച്ചിരുന്നു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കവിതയെ അറസ്റ്റുചെയ്തതെന്ന് ഇഡി കോടതിയെ ബോധിപ്പിച്ചു. കവിതയെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ അനുമതി നല്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ബിജെപി അധികാര ദുർവിനിയോഗം നടത്തുന്നതും രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതും സാധാരണമായിക്കഴിഞ്ഞിരിക്കുകയാണെന്ന് കവിതയുടെ സഹോദരനും മുൻ തെലങ്കാന മന്ത്രിയുമായ കെ.ടി.രാമറാവു കുറ്റപ്പെടുത്തി. മാർച്ച് 19ന് കേസ് പുനഃപരിശോധിക്കാനിരിക്കേ തിടുക്കത്തിൽ അറസ്റ്റ് നടത്തിയതെന്തിനെന്ന് ഇഡി സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ടി വരുമെന്നും ഇഡി നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply