കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന്. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.