മലപ്പുറം: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. വിമർശനങ്ങളെ സർക്കാർ ഗൗരവപൂർവമാണ് പരിഗണിക്കുന്നതെന്നും എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പദ്ധതി സംബന്ധിച്ച വിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ, ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പാരിസ്ഥിതിക സൗഹൃദത്തെ അടിസ്ഥാനപ്പെടുത്തി, ജനങ്ങൾക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാൻ, വമ്പിച്ച രീതിയിൽ മുന്നോട്ട് കുതിക്കാനുള്ള പ്രാപ്തി നേടാൻ ഈ പരിപാടി നമുക്ക് അത്യാവശ്യമുള്ള ഒന്നാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വിമർശനങ്ങളെ ഒരു രീതിയിലും സർക്കാർ തടയില്ല. വിമർശനങ്ങളെ ഗൗരവപൂർവമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി, ഡി.പി.ആറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട്, ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂ. ഡി.പി.ആറിനെ മുറുകേ പിടിച്ച് മുന്നോട്ട് പോകാനല്ല ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള മാറ്റങ്ങൾക്ക് വിധേയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാത്തതിനെതിരേ കോൺഗ്രസ് എം.എൽ.എ. അൻവർ സാദത്ത് അവകാശലംഘന നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റിൽ ഡി.പി.ആർ. പ്രസിദ്ധീകരിച്ചത്.