
നഷ്ടപ്പെടുന്ന ഭൂമിക്കു പകരം സ്ഥലവും വീടും ജീവനോപാധിയും ഉറപ്പാക്കാതെ കെ റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് കണ്ണൂര്‍ കണ്ടങ്കാളിയിലെ ഭൂവുടമകള്‍. ലൈഫ് പദ്ധതിയില്‍ വീട് വേണ്ടെന്നും വാസയോഗ്യമായ സ്ഥലവും വീട് നിര്‍മാണത്തിനുള്ള തുകയും അനുവദിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. പയ്യന്നൂരില്‍ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ച സാമൂഹിക ആഘാത പഠനത്തിനിടെയാണ് നാട്ടുകാരുടെ പ്രതികരണം. 20.5 കോടി രൂപയാണ് സാമൂഹികാഘാത പഠനത്തിനായി മാത്രം നിലവില്‍ അനുവദിച്ചിരിക്കുന്നത്. കണ്ടങ്കാളി പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന പത്തോളം കുടുംബങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ മുപ്പതോളം ചോദ്യങ്ങള്‍ക്ക് കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ നിന്ന് ഉത്തരം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണ് ആദ്യഘട്ടം.