കേരളത്തിലെ മൂന്ന് തലമുറകളെ ഭീമൻ കടക്കെണിയിലേക്ക് തള്ളി വിടുന്ന പദ്ധതിയാണ് കേരള സർക്കാരിന്റെ കെ-റെയിൽ എന്ന് പദ്ധതിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ. ‘കെ-റെയിൽ പദ്ധതി ഒരുലക്ഷം കോടിക്ക് പുറത്ത് ചെലവാകും എന്നാണ് ഇപ്പോൾ പറയുന്നത്. ഈ കടം കേരളമാണ് ഏറ്റെടുക്കുന്നത്. അപ്പോൾ എത്ര തലമുറ ഈ ബാധ്യത ഏറ്റെടുക്കേണ്ടി വരും. പണി തീർന്ന് പ്രതീക്ഷിച്ച പോലെ വരുമാനം കിട്ടിയില്ലെങ്കിൽ എന്താകും അവസ്ഥ. ഇപ്പോൾ തന്നെകൊച്ചി മെട്രോ നഷ്ടത്തിലാണ് ഓടുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു ദിവസം രാത്രിയും പകലുമായി ഏകദേശം നൂറോളം ട്രെയിനുകൾ ഓടിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ 15 മിനിറ്റ് ഇടവേളയിൽ ട്രെയിൻ ഓടും. ഈ പാത കടന്നു പോകുന്ന റോഡുകളിലെ അപ്പോഴുള്ള ഗതാഗത സംവിധാനം എങ്ങനെയാകും.200 കി.മീ വേഗത്തിൽ കെ–റെയിൽ ഓടുമെന്നാണ് അറിയുന്നത്. ഇപ്പോൾ ഡൽഹി–ആഗ്ര റൂട്ടിൽ നമ്മുടെ റെയിൽവേ 160 കി.മീ വേഗത്തിൽ ട്രെയിൻ ഓടിക്കുന്നുണ്ട്. കേരളത്തിലെ പാത അനുസരിച്ച് വളവും തിരിവും ചതുപ്പ് നിലങ്ങളുമുണ്ട് എപ്പോൾ എങ്ങനെ 200 കി.മീ വേഗം കിട്ടും. ഞാൻ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് റെയിൽവേയുമായി കൈകോർത്താൽ പതിനായിരം കോടി മതിയാകും വേഗ റെയിൽ പദ്ധതി നടപ്പാക്കാൻ. പതിനായിരം കോടി മുടക്കേണ്ട ഇടത്താണ് ഇപ്പോൾ ഒരുലക്ഷം കോടി കടമെടുക്കാൻ പോകുന്നത്. അതുെകാണ്ട് ഈ സംശയങ്ങൾ മുഖ്യമന്ത്രി തീർക്കണം. ചർച്ച ചെയ്യണം. അല്ലാതെ മുന്നോട്ട് പോക്ക് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ നടക്കില്ല. കാര്യം ബോധ്യപ്പെട്ടാൽ ഞങ്ങളും ജനങ്ങളും ഒപ്പം നിൽക്കും.’