Spread the love
K-Rail കല്ലിടൽ നിർത്തി; സർവേ ഇനി ജിപിഎസ് വഴി

അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി പി എസ് സംവിധാനം. കെ റെയില്‍ കല്ലിടലിനെതിരായ പ്രതിഷേധത്തെ മറികടക്കാന്‍ ആണ് നിർണായക തീരുമാനം. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളി‍ൽ വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചു. റെയിൽവേ ബോർഡിൽ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply