കടലുണ്ടി : ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടുകാവിൽ കൊടിയേറി. പനയംമഠത്തിൽ തറവാട്ടു കാരണവരുടെ സാന്നിധ്യത്തിൽ രാവിലെ ഏഴിനായിരുന്നു കൊടിയേറ്റം. കൊടിയേറ്റ് ചടങ്ങിൽ ഭക്തർ എത്തിയിരുന്നു. 13ന് ആണ് ഇത്തവണത്തെ വാവുത്സവം. ഉത്സവത്തിനു മുന്നോടിയായുള്ള കുന്നത്ത് തറവാട്ടിലെ കൊടിയേറ്റം നാളെ നടക്കും. അന്നു ഉച്ചയ്ക്ക് മണ്ണൂർ ശിവക്ഷേത്രം മേൽശാന്തിയുടെ നേ തൃത്വത്തിൽ പേടിയാട്ടുകാവിൽ അഞ്ചാം പുണ്യാഹം നടക്കും. 11ന് വൈകിട്ടു മൂന്നിനാണ് വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട്. മണ്ണൂർ കാരകളിപ്പറമ്പിലെ കോട്ടയിൽ നിന്നാരംഭിക്കുന്ന ജാതവൻ പുറപ്പാടിന് ഒരുക്കങ്ങൾ തുടങ്ങി. നാടൊട്ടുക്കും ഉത്സവം അറിയിച്ചു കൊണ്ടുള്ള ഊരുചുറ്റലിന് ശേഷം 13ന് രാവിലെ വാക്കടവിൽ എത്തുന്ന ജാതവൻ, അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഇരുവരും ഒന്നിച്ചു തിരിച്ചെഴുന്നള്ളുന്നതാണ് വാവുത്സവം.