കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടേയും ഹണിമൂൺ ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് ആരാധകർ നോക്കുന്നത്. കടലിനടിയിലെ മുറിയിൽ ഇരുവരും ഇരിക്കുന്നതും പുറത്ത് നീന്തി തുടിക്കുന്ന മീനുകളെ നോക്കി കാണുന്ന കാജലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
മാലദ്വീപിലെ മുറാക റിസോർട്ടിലെ അണ്ടർവാട്ടർ റൂമിൽ നിന്നുള്ള ചിത്രങ്ങളാണിത്. 37 ലക്ഷത്തിന് മുകളിലാണ് ഈ ഹോട്ടലിൽ ഒരു ദിവസം തങ്ങുന്നതിന് ചിലവു വരുന്നത്. 2018 ലാണ് ഈ റിസോർട്ട് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം രൂപ) നിരക്ക്. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്കായി നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. എങ്കിലും കോടികൾ പൊടിപൊടിച്ചാണ് താരത്തിന്റെ ഹണിമൂൺ ആഘോഷം.
ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടലാണ് മുറാക. സഞ്ചാരികൾക്ക് എക്കാലത്തും കൗതുകം പകരുന്ന മുറാക ദശലക്ഷം ഡോളർ ചെലവഴിച്ചാണ് കടലിനടിയിൽ നിർമ്മിച്ചത്. കാൺറാഡ് മാലദ്വീപ് രംഗാലി ദ്വീപിലാണ് ജലത്തിനടിയിൽ രണ്ടു നിലകളിലായി പണിതിരിക്കുന്ന റിസോർട്ടാണ് മുറാക. ഇന്ത്യൻ മഹാസമുദ്രത്തിലായി നിർമ്മിച്ച പതിനാറടി താഴ്ചയിലുള്ള മാസ്റ്റർ ബെഡ്‌റൂമാണ് ഈ ആഡംബര റിസോർട്ടിന്റെ പ്രധാന ആകർഷണം. കർദാഷിയൻസ് അടക്കമുള്ള സൂപ്പർ സെലിബ്രിറ്റികൾ താമസിച്ച് പ്രശസ്തമാക്കിയ ഇടമാണ് ഇത്.