തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നിൽ ആസൂത്രണവും ഗൂഡാലോചനയുമാണ് എന്ന് പോലീസ് കണ്ടെത്തി. തൃക്കാക്കര മണ്ഡലത്തിലെ ചിറ്റേത്തുകരയിൽ ഹോട്ടൽ നടത്തുന്ന നസീറാണ് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കാമെന്ന ആശയം മുന്നോട്ട് വച്ചതെന്ന് പോലീസ്. കോൺഗ്രസ് പ്രവർത്തകനാണ് ഇയാൾ.നസീർ വ്യാജ ദൃശ്യങ്ങളുണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുമായ നൗഫലിന് കൈമാറി. നൗഫൽ ഇത് സുഹൃത്തായ അബ്ദുൾ ലത്തീഫിന് അയച്ചുകൊടുത്തു. 2020-ൽ ഉണ്ടാക്കിയ ഗീത തോമസ് എന്ന വ്യാജ അക്കൗണ്ടാണ് വീഡിയോ പ്രചരിപ്പിക്കാൻ ഇവർ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. നസീറിനെയും നൗഫലിനെയും ലത്തീഫിനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.