മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുകയാണ്.
മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ കലാഭവൻമണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും താരത്തിന്റെ കയ്യിലുണ്ടല്ലോ!ഇപ്പോഴിതാ ഇപ്പോഴിതാ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിയുടെയും കൂട്ടുകാരുടെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വീട്ടിലെത്തിയ കൂട്ടുകാർക്ക് അച്ഛന്റെ ഓർമ കുടീരവും പാടിയുമൊക്കെ കാണിച്ചുകൊടുക്കുന്ന ശ്രീലക്ഷ്മിയാണ് വീഡിയോയിലുള്ളത്.
അച്ഛന്റെ വലിയൊരു സ്വപ്‌നം സഫലമാക്കാനുള്ള ഓട്ടത്തിലായിരുന്നു ശ്രീലക്ഷ്മി. പൂർണ പിന്തുണ നൽകി അമ്മ നിമ്മിയും കൂടെ നിന്നു. ഇപ്പോൾ എറണാകുളത്തെ ശ്രീനാരായണ കോളേജ് ഒഫ് മെഡിക്കൽ സയൻസിൽ എംബിബിഎസ് നാലാം വർഷ വിദ്യാർത്ഥിനിയാണ്. നിമ്മിയേയും ശ്രീലക്ഷ്മിയേയും കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
വൈറൽ പോസ്റ്റ്
അച്ഛൻ പോയെങ്കിലും അച്ഛന്റെ സ്വപ്നങ്ങൾക്കു പിന്നാലെയായിരുന്നു കലാഭവൻ മണിയുടെ ഭാര്യയും മകളും. മകളെ ഒരു ഡോക്ടറാക്കണം, അവൾ പഠിച്ചിറങ്ങുമ്പോഴേക്കും സ്വന്തമായി ഒരാശുപത്രി തുടങ്ങണം, ചാലക്കുടിയിലെ പാവപ്പെട്ടവർക്ക് അവിടെ ചികിത്സ നൽകണം എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
തുടർന്നാണ് എറണാകുളത്തെ ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശനം നേടിയത്. ഇപ്പോൾ എംബിബിഎസ് നാലാം വർഷ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിലൊന്നും സജീവമല്ല. അതുകൊണ്ടു തന്നെ, ശ്രീലക്ഷ്മിയുടെ വിശേഷങ്ങളൊന്നും തന്നെ ആരും അറിയാറുമില്ല. എന്നാലിപ്പോഴിതാ, ശ്രീലക്ഷ്മിയുടെ കൂട്ടുകാരികൾ വീട്ടിലെത്തിയപ്പോൾ പകർത്തിയ വീഡിയോയാണ് വൈറലായി മാറുന്നത്.
ഈ വീഡിയോയിലും വലിയ മാറ്റങ്ങളൊന്നും തന്നെ ശ്രീലക്ഷ്മിയ്ക്ക് സംഭവിച്ചിട്ടില്ല എങ്കിലും, പഴയ ചമ്മൽ അങ്ങനെ തന്നെ ഉണ്ട്. അച്ഛന്റെ ഓർമ്മകൾ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോൾ പഴയ കാലം ഓർക്കുകയാണ് ശ്രീലക്ഷ്മിയും. അച്ഛന് പിറന്നാൾ സമ്മാനം കിട്ടിയ ആന, താൻ വരച്ച ചിത്രങ്ങൾ, അച്ഛന്റെ ഓർമ്മ കുടീരം, പാടി അങ്ങനെ അങ്ങനെ എല്ലാ ഓർമ്മകളും കൂട്ടുകാർക്കായി ശ്രീ വീഡിയോയിൽ കാണിച്ചു നൽകുന്നുണ്ട്. കൂട്ടുകാരി ശിൽപയോട് ആണ് ശ്രീ വിശേഷങ്ങൾ പങ്കിടുന്നത്. 2016ലാണ് കലാഭവൻ മണി മരിക്കുന്നത്. അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീലക്ഷ്മി.
പഠിക്കാൻ മിടുക്കിയായിരുന്നു. അച്ഛന്റെ മരണം നൽകിയ വേദനയിലാണ് ശ്രീലക്ഷ്മി പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടിയത്. തുടർന്ന് പ്ലസ് ടുവിനും മികച്ച മാർക്ക് വാങ്ങി. കലാഭവൻ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അങ്ങനെയാണ് രണ്ടു വർഷത്തോളം കാത്തിരുന്ന് എൻട്രൻസ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്. തുടർന്ന് മകൾക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളേജിന് തൊട്ടടുത്ത് ഒരു ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിക്കുകയാണ് നിമ്മിയും
മണിയുടെ മരണ ശേഷം ചാലക്കുടിയിലെ മണിക്കൂടാരം വീട്ടിൽ നിമ്മിയും മകളും നിമ്മിയുടെ മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. നിമ്മിയും ശ്രീലക്ഷ്മിയും എറണാകുളത്തേക്ക് മാറിയതോടെ മാതാപിതാക്കൾ നിമ്മിയുടെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. വല്ലപ്പോഴും അവധിയ്ക്ക് മാത്രമാണ് നിമ്മിയും മകളും ചാലക്കുടിയിലെ വീട്ടിലേക്ക് എത്തുന്നത്. അല്ലെങ്കിൽ ബന്ധുക്കളാരെങ്കിലും എത്തി വീടും പരിസരവും വൃത്തിയാക്കിയിടും.
അല്ലാത്തപക്ഷം, പൂർണമായും ആ വീട് പൂട്ടിക്കിടക്കുകയാണ് ഇപ്പോൾ. കലാഭവൻ മണി ജീവിച്ചിരുന്ന കാലത്ത് രാവിലെ മുതൽ ആ വീട്ടിലേക്ക് സന്ദർശകരുടെ ബഹളമായിരുന്നു, സഹായം ചോദിച്ച് എത്തുന്നവരും ഒന്നു കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനുമൊക്കെയായി നൂറുകണക്കിന് പേരായിരുന്നു ഓരോ ദിവസവും ഈ മണികൂടാരത്തിലേക്ക് എത്തിയിരുന്നത്.
എന്നാൽ മണിയുടെ മരണ ശേഷം അതിനൊക്കെ അവസാനമാകുമെന്ന് കരുതിയവർക്ക് തെറ്റി. മരണ ശേഷവും മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അതിനരികെ അൽപ്പനേരമിരുന്ന് അദ്ദേഹത്തിന്റെ കാലടികൾ പതിഞ്ഞ മണ്ണിൽ അൽപ്പ നേരം ഇരുന്ന് ആണ് പലരും മടങ്ങിപ്പോവുക. അത്രത്തോളം സ്‌നേഹമാണ് ആരാധകർ ആ നടനോട് കാട്ടിയിരുന്നത്.