മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുകയാണ്.
മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ കലാഭവൻമണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും താരത്തിന്റെ കയ്യിലുണ്ടല്ലോ!ഇപ്പോഴിതാ പഴയ ഓർമ്മകൾ പറയുന്നതിനിടെ തന്നെയും ഭർത്താവ് കലാഭവൻ മണിയെയും ഒരുപോലെ വേദനിപ്പിച്ച ഒരു ജീവിതാനുഭവം പറയുകയാണ് ഭാര്യ നിമ്മി.
മകളുടെ ജനനസമയത്തായിരുന്നു ആ സംഭവം.തന്റെ പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റു പരിപാടികളുമൊക്കെ വേണ്ടെന്ന് വെച്ച് തന്റെ കൂടെ തന്നെ മണിച്ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്ന ഒരു സമയം ആണെങ്കിൽ കൂടി നിർഭാഗ്യവശാൽ അദ്ദേഹത്തിന് പ്രസവ സമയത്ത് ഒപ്പം ഉണ്ടാകാൻ കഴിഞ്ഞില്ലെന്നും നിമ്മി പറയുന്നു. ഒരു അവാർഡ് ഷോ ആയിരുന്നു കാരണം. രാവിലെ അവാർഡ് പോകുന്ന സമയത്ത് തന്നോട് വയ്യായ്ക ഉണ്ടോ എന്ന് ചോദിച്ചിരുന്നു എന്നും ഉണ്ടെങ്കിൽ വലിയ പരിപാടിയാണെങ്കിലും ക്യാൻസൽ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും നിമ്മി ഓർക്കുന്നു.
വലിയ പരിപാടി ആയതുകൊണ്ടും മണിച്ചേട്ടൻ അവതാരകൻ ആയതുകൊണ്ടും താൻ പൊക്കോളാൻ പറഞ്ഞുവെന്നും എന്നാൽ വൈകുന്നേരം ആയതോടെ തന്റെ സ്ഥിതി മാറിയെന്നും നിമ്മി പറയുന്നു. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ബോധം വന്നപ്പോഴും പോയപ്പോഴും എല്ലാം താൻ അദ്ദേഹത്തെ തിരക്കിയിരുന്നു. താൻ ആശുപത്രിയിലായതും മകൾ ജനിച്ചതും ഒന്നും മണിച്ചേട്ടൻ അറിഞ്ഞില്ല. ഒടുവിൽ സംവിധായകൻ ലോഹിതദാസ് വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹം കാര്യം അറിഞ്ഞതെന്നും പ്രസവ സമയത്ത് കൂടെയിരിക്കാൻ സാധിക്കാത്തതിൽ വലിയ വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും നിമ്മി പറയുന്നു.
പ്രസവം എല്ലാം കഴിഞ്ഞ് സമയം പുലർച്ചെ ആയതോടെയാണ് മണിച്ചേട്ടൻ സ്ഥലത്തെത്തിയെന്നും ഗർഭിണിയായിരുന്ന സമയത്ത് പരിപാടികൾ എല്ലാം ഒഴിവാക്കി കൂടെ നിന്നിട്ടും പ്രസവ സമയത്ത് കൃത്യം കൂടെ നിൽക്കാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടായിരുന്നുവെന്നും നിമ്മി പറയുന്നു. മകളെ കയ്യിലെടുത്തതോടെയാണ് ഈ വേദനയൊക്കെ മാറിയതെന്നും നിമ്മി ഓർക്കുന്നു.