നെന്മാറ: നെല്ലിയാമ്പതി സീതാർകുണ്ട് സന്ദർശിക്കാനെത്തുന്നവർക്കാണ് കൗതുകമായി യു പോയന്റിനടുത്ത് വിനോദ സഞ്ചാരികൾക്കിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് കലമാൻ വരുന്നത്. വാഹനങ്ങൾക്ക് മുന്നിൽ വന്നു നിൽക്കുകയും യാത്രക്കാർ നൽകുന്ന പുല്ലും ചെടികളും ഭക്ഷിക്കുകയും ചെയ്യും സെൽഫി എടുക്കുന്നവർക്കിടയിലും ഗ്രൂപ്പ് ഫോട്ടോകാർക്ക് മുന്നിലും ഇവൻ കയറി നിൽക്കും. ഏകദേശം നാലു വയസ്സ് പ്രായമുള്ള ആൺ മ്ലാവാണ്.
വളരെ ചെറുപ്പത്തിൽ പരിക്കുപറ്റി സീതാർകുണ്ട് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാർട്ടികൾക്ക് സമീപം അവർ കൊടുത്ത ഭക്ഷണം കഴിച്ച് മനുഷ്യരെ പേടിയില്ലാതെ വളർന്നതിനാൽ ആണ് മനുഷ്യരോട് അടുപ്പം കാണിക്കുന്നത്. പ്രദേശവാസികൾ സ്നേഹത്തോടെ സൂര്യ എന്ന പേരും നൽകി. സീതാർകുണ്ട് പാർക്കിംഗ് സ്ഥലത്ത് പുൽമൈതാനം താഴെയുള്ള ചെക്ക് ഡാമിലെ വെള്ളവും കാപ്പിത്തോട്ടങ്ങളിൽ കാപ്പി തോട്ടത്തിലെ പുല്ലും കളകളും ആണ് ഭക്ഷണം. വിശ്രമം പാർക്കിംഗ് സ്ഥലത്തെ തണൽ മരച്ചുവട്ടിലും വാഹനങ്ങൾക്ക് മുന്നിലും മണിക്കൂറുകളോളം കിടക്കും. വിനോദ സഞ്ചാരികൾക്ക് മുന്നിൽ എത്ര നേരം വേണമെങ്കിലും നിൽക്കുകയും ഫോട്ടോ എടുക്കുകയും ആളുകൾ ശരീരത്തിൽ തൊട്ടാൽ പോലും യാതൊരു വിരോധവും കാണിക്കാറില്ല. രാത്രി സമയമായാൽ സമീപത്തുള്ള വീടുകൾക്കുമുന്നിലാണ് കിടപ്പ്. അപൂർവ്വം ദിവസങ്ങളിൽ മാത്രമേ സഞ്ചാരികൾക്ക് സൂര്യയെ കാണാതിരിക്കുകയുള്ളൂ. കൊമ്പ് വളർന്നു വരുന്നതേയുള്ളൂ ഇണചേരാൻ പ്രായമായാൽ കാട്ടിലേക്ക് പോകുമെന്ന് പ്രദേശവാസികൾ
പറഞ്ഞു. നെല്ലിയാമ്പതി സീതാർകുണ്ടിലെ വിനോദസഞ്ചാരികളോട് ഇടപഴകി കഴിയുന്ന സൂര്യ എന്ന് പേരുള്ള കലമാൻ സഞ്ചരികൾക്ക് കൗതുകമാവുകയാണ്.