Spread the love
കളിയരങ്ങിലെ ഭാവഗായകന് കലാമണ്ഡലം ഫെല്ലോഷിപ്പ്

കഥകളി സംഗീതത്തില്‍ തെക്ക്, വടക്ക് ചിട്ടകള്‍ വഴങ്ങുന്ന അപൂര്‍വം പാട്ടുകാരില്‍ ഒരാളായ ചേര്‍ത്തല തങ്കപ്പണിക്കാർക്കു കലാമണ്ഡലം ഫെല്ലോഷിപ്പ്. 72 വര്‍ഷത്തെ സംഗീതസപര്യ പിന്നിട്ട അദ്ദേഹത്തിന് 94-ാം വയസ്സിൽ ഇരട്ടിമധുരമാകുകയാണ് കലാമണ്ഡലം ഫെല്ലോഷിപ്പ്. , അദ്ദേഹത്തെ പല കാലങ്ങളിലായി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

വയലാര്‍ മണ്ണട വാസുദേവപ്പണിക്കരുടെയും ചേര്‍ത്തല വാര്യാട്ട് നാണിയമ്മയുടെയും മകനായി 1927 ലായിരുന്നു ചേര്‍ത്തല തങ്കപ്പപ്പണിക്കരുടെ ജനനം. സ്വന്തം ഇഷ്ടപ്രകാരം പതിനെട്ടാം വയസില്‍ കഥകളി സംഗീത പഠനത്തിലേക്കു കടന്നു. തകഴി കുട്ടന്‍പിള്ളയുടെ ശിക്ഷണത്തിലായിരുന്നു കഥകളി സംഗീതം പഠനത്തിനു തുടക്കം. നാലുവര്‍ഷത്തെ അഭ്യാസത്തിനു ശേഷം, വാര്യാട്ടെ കുടുംബ കളരിയില്‍ അരങ്ങേറ്റം കുറിച്ചു ശേഷം ചേര്‍ത്തല കുട്ടപ്പ കുറുപ്പിനൊപ്പം പാടിത്തുടങ്ങി.

തെക്കന്‍ ചിട്ടകള്‍ സ്വായത്തമാക്കിയ അദ്ദേഹത്തിന് സംഗീതത്തിലെ വടക്കന്‍ ചിട്ടകള്‍ കുമാരനെല്ലൂർ നീലകണ്ഠന്‍ നമ്പീശൻ പകർന്നു നൽകി. 1956ല്‍ തങ്കപ്പനാശാന്‍ പാലക്കാടിനടുടുത്ത് പേരൂര്‍ ഗാന്ധിസേവാ സദനത്തിൽ അധ്യാപകനായും വിദ്യാർഥിയായും തുടർന്നു. വടക്കന്‍ ചിട്ട പഠനം പൂര്‍ത്തിയാക്കിയ തങ്കപ്പനാശാന്‍ 1962ലാണ് തൃപ്പൂണിത്തുറ ആര്‍.എല്‍.വി.യില്‍ പ്രവേശിക്കുകയും കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന മഹാരഥനൊപ്പം അരങ്ങ് പങ്കിടാൻ അവസരം ലഭിക്കുകയും ചെയ്തു.

കലാമണ്ഡലം കൃഷ്ണന്‍ നായര്‍, മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, പള്ളിപ്പുറം ഗോപാലന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കോട്ടയ്ക്കല്‍ ശിവരാമന്‍, കലാമണ്ഡലം ഗോപി തുടങ്ങിയവര്‍ക്കൊപ്പവും ഒന്നാം പാട്ടുകാരനായി നിറഞ്ഞു. മുവായിരത്തി അഞ്ചൂറിലധികം കളിയരങ്ങുകളില്‍ പാടിയ തങ്കപ്പനാശാന്‍ കേരളത്തിനു പുറമെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പല പ്രശസ്ത ക്ഷേത്രങ്ങളിലും സംഗീതാര്‍ച്ചന നടത്തിയിട്ടുണ്ട്. 47 വര്‍ഷം ആകാശവാണിയിലും പാടി.

പ്രായം ശരീരത്തെ പിന്നോട്ടുവലിച്ചതു കൊണ്ട് തങ്കപ്പപ്പണിക്കര്‍ അരങ്ങിനോട് വിട പറഞ്ഞു. പുതിയ അംഗീകാരത്തില്‍ ഭാര്യ വിലാസിനി കുഞ്ഞമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ഏറെ സന്തോഷവാനാണ് അദ്ദേഹം.

Leave a Reply