കൊച്ചി : കളമശേരി സ്ഫോടനത്തിൽ സംഭവ സ്ഥലത്തു മരിച്ചത് പെരുമ്പാവൂരിനു സമീപം ഇരിങ്ങോൾ പുളിയൻ വീട്ടിൽ ലിയോണ (60) ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സംസ്കാരം ഇന്ന് 11നു നെടുങ്ങപ്രയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർഥന ഹാളിൽ ശുശ്രൂഷയ്ക്കു ശേഷം യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. പരേതനായ പൗലോസിന്റെ ഭാര്യയാണ് ലിയോണ. മകൻ ബാബു പോൾ. മരുമകൾ: ആഷ്‌ലി.
സ്ഫോടനത്തിൽ ആദ്യം മരിച്ചതു ലിയോണയാണെങ്കിലും തിരിച്ചറിഞ്ഞതു 14 മണിക്കൂറിനു ശേഷമാണ്. സ്ഥിരമായി ധരിക്കുന്ന പാദസരമാണു തിരിച്ചറിയാൻ സഹായിച്ചത്. എന്നാൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം എന്നതു കൊണ്ടു ഡിഎൻഎ പരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്താൽ മതിയെന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
വിദേശത്തു നിന്നെത്തിയ മകന്റെ ഡിഎൻഎ ശേഖരിച്ചു നടത്തിയ പരിശോധനയിൽ മരിച്ചതു ലിയോണ തന്നെയെന്നു സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്നു മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സ്ഫോടനം നടന്നു പത്താം ദിവസമാണു മൃതദേഹം ബന്ധുക്കൾക്കു ലഭിച്ചത്. സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റവരിൽ 19 പേർ ഇപ്പോഴും ചികിത്സയിലാണ്. ഐസിയുവിൽ കഴിയുന്ന 11 പേരിൽ 2 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരുക്കേറ്റു രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.