കളമശ്ശേരി ബസ് കത്തിക്കലില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. തടിയന്‍റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍. ശിക്ഷ തിങ്കളാഴ്ച്ച കോടതി വിധിക്കും. പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ ബസ് കത്തിക്കുന്നത്.
എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് ആണ് രാത്രി 9.30 ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസർ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്.
ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേർത്ത് 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകള്‍ പിന്നീട് കാണാതായി. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്‍റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്.