Spread the love

കൽപറ്റ :പേരിയ ചപ്പാരം കോളനിയിൽ ചൊവ്വ രാത്രിയിൽ തണ്ടർബോൾട്ട് സംഘവുമായുണ്ടായ വെടിവയ്പിനൊടുവിൽ പിടികൂടിയ സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാസമിതി കമാൻഡർ ചന്ദ്രു(33), സംഘാംഗം ഉണ്ണിമായ(28) എന്നിവരെ കൽപറ്റ ജില്ലാ സെഷൻസ് കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. രക്ഷപ്പെട്ട 3 പേർക്കായി തിരച്ചിൽ തുടരുകയാണ്. ലതയും സുന്ദരിയുമാണു രക്ഷപെട്ടതെന്നാണു വിവരമെങ്കിലും രണ്ടാമത്തെയാൾ ലതയാണെന്നതിൽ പൊലീസ് സ്ഥിരീകരണമില്ല. മൂന്നാമത്തെയാൾ പുരുഷ കേഡർ ആണെന്നാണു വിവരം. ഇയാൾ തോക്കുമായി കോളനിയിലെ വീടിനു മുന്നിൽ കാവൽ നിൽക്കുകയായിരുന്നു.

കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വെടിയുതിർത്തതിനെത്തുടർന്നാണ് തിരികെ വെടിയുതിർത്തതെന്ന് പൊലീസ് പറയുന്നു. വെടിവയ്പിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് എഡിജിപി എം.ആർ. അജിത്കുമാർ പറഞ്ഞു. മാവോയിസ്റ്റുകളിൽ നിന്ന് ഒരു എകെ 47, ഒരു ഇൻസാസ് റൈഫിൾ, 2 നാടൻതോക്കുകൾ എന്നിവ പിടിച്ചെടുത്തു. വെടിവയ്പിനിടെ വീടിനു പിന്നിലൂടെ 3 പേർ രക്ഷപ്പെട്ടു. വീട്ടിനുള്ളിൽ നിന്നു വെടിവയ്പ് തുടർന്നതോടെ അകത്തേക്കു കയറിയ തണ്ടർബോൾ‌ട്ട് സംഘം ചന്ദ്രുവിനെയും ഉണ്ണിമായയെയും ബലപ്രയോഗത്തിലൂടെ നിരായുധരാക്കിയാണു കീഴ്പ്പെടുത്തിയത്. പ്രതികൾക്കെതിരെ യുഎപിഎ , ആയുധ നിരോധന നിയമം, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കോടതി പരിസരത്തും ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിലും ചന്ദ്രുവും ഉണ്ണിമായയും സിപിഐ (മാവോയിസ്റ്റ്) സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചു.

മാവോയിസ്റ്റ് യൂണിഫോമിനു പകരം ഇരുവർക്കും പുതുവസ്ത്രങ്ങളും ചെരിപ്പുകളും പൊലീസ് വാങ്ങി നൽകിയിരുന്നു. ചന്ദ്രു തമിഴ്നാട് പൊള്ളാച്ചി സ്വദേശിയും ഉണ്ണിമായ കർണാടക സ്വദേശിയുമാണ്. ഉത്തരമേഖലാ ഐജി കെ. സേതുരാമൻ, ഡിഐജി തോംസൺ ജോസ്, വയനാട് ജില്ലാ പൊലീസ് മേധാവി പഥംസിങ്, കണ്ണൂർ റൂറൽ പൊലീസ് മേധാവി ഹേമലത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

Leave a Reply