Spread the love

നടൻ ശ്രീയുടെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെയും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളുടെയും ഇടയിൽ ഔദ്യോഗിക പ്രസ്താവനയുമായി സംവിധായകൻ ലോകേഷ് കനകരാജ്. ശ്രീറാമിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പ്രസ്താവനയാണ് ലോകേഷ് കനകരാജ് പങ്കുവെച്ചത്. ശ്രീയുടെ അടുത്ത സുഹൃത്തും നടന്റെ ‘മാനഗരം’ എന്ന സിനിമയുടെ സംവിധായകനുമാണ് ലോകേഷ് കനകരാജ്.

ശ്രീ നിലവിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ പരിചരണത്തിലാണ്, ശരിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഡോക്ടറുടെ ഉപദേശത്തെ തുടർന്ന് എല്ലാത്തരം സമൂഹമാധ്യമങ്ങളിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും രോഗശാന്തിയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടം നൽകണമെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള റൂമറുകളും സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും എല്ലാ മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു -ലോകേഷ് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.

ശ്രീറാം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. ശരീരഭാരം കുറഞ്ഞ് എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെച്ചിരുന്നു.

Leave a Reply