ഗൃഹലക്ഷ്മി മാസിക തന്റെ യഥാർത്ഥ ഫോട്ടോയിൽ മിനുക്കുപണി നടത്തിയതിനെതിരെ നടി കനി കുസൃതി. ഗൃഹലക്ഷ്മി വാരികയുടെ ഈ മാസത്തെ മുഖ ചിത്രം കനി കുസൃതിയുടേതാണ്.
എന്നാൽ തന്റെ രോമമുള്ള കെെയ്യും യഥാർത്ഥ നിറവും എഡിറ്റ് ചെയ്ത് ഫോട്ടോ കൊടുത്തതിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തു വന്നിരിക്കുകയാണ് കനി. കവറിലെ ഫോട്ടോ ഇത്തരത്തിൽ എഡിറ്റ് ചെയ്യാൻ ഗൃഹലക്ഷ്മി എന്തുകൊണ്ടാണ് നിർബന്ധിതമാവുന്നതെന്നും കനി ചോദിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്.
എൻ്റെ സ്കിൻ ടോണും രോമമുള്ള കെെയ്യും അതേപോലെ നിലനിർത്താമായിരുന്നു. ഷൂട്ടിന് മുമ്പ് ഈക്കാര്യത്തിലുള്ള നിലപാട് അറിയിച്ചതാണ്. കനി പറഞ്ഞു.
മനകരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃകയെന്ന തലക്കെട്ടുള്ള കനിയുടെ അഭിമുഖം ഉൾപ്പെടുത്തിയ ലക്കത്തിന്റെ കവറിലാണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തത്. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് കനി കുസൃതി.