കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കനി കുസൃതി ഒരു റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. എന്നാല്‍ ഇതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. മുന്‍പ് ഒരു മാഗസിന്റെ കവര്‍ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന് ശേഷം തന്നെ വെളുപ്പിച്ചതിന്റെ പേരില്‍ കനി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കനിക്കെതിരായ പുതിയ വിമര്‍ശനം.
എന്നാല്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് കനി നല്‍കുന്നത്. ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് താരം വ്യക്തമാക്കുന്നു. ലോകപ്രശസ്ത പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചതെന്ന് പറയുന്നു കനി. സോഷ്യല്‍ മീഡിയയിലൂടെയാണ് കനിയുടെ പ്രതികരണം.
“അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്.. അറിഞ്ഞുകൊണ്ട് തന്നെയാണ് ലോക പ്രശസ്തയായ ‘റിയാന’ എന്ന സിംഗര്‍, സോങ്ങ് റൈറ്ററുടെ ‘ഫെന്‍റിബ്യൂട്ടി’ ബ്രാന്‍റിലെ ‘യൂണിവേഴ്സല്‍ റെഡ് ലിപ്സ്റ്റിക്’ ഇട്ട് പോയത്.” ആ ‘റെഡ് ലിപ്സ്റ്റിക്’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക എന്ന കുറിപ്പോടെയാണ് ഇതേക്കുറിച്ച് കനി വിവരിക്കുന്നത്.
ലോക പ്രശസ്തയായ ഗായിക റിഹാനയുടെ ഫെന്റിബ്യൂട്ടീ എന്ന ബ്രാന്റിലെ യൂണിവേഴ്സല്‍ റെഡ് ലിപ്സ്റ്റിക്കാണ് കനി ചടങ്ങിന് വരുമ്ബോള്‍ ഉപയോഗിച്ചത്. കറുത്ത നിറമുള്ള തൊലിയുള്ളവര്‍ക്ക് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇണങ്ങില്ലെന്ന പറച്ചിലുകള്‍ക്കെതിരെയാണ് റിഹാനയുടെ ചുവന്ന ലിപ്സ്റ്റിക്ക് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടാണ് ആ ലിപ്സ്റ്റിക്ക് തന്നെ താന്‍ തിരഞ്ഞെടുത്തതെന്നും കനി പറയുന്നു.
ലൈഫ്‌സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റാപ്പറായ റോക്കി വെളുത്ത തൊലിയുള്ളവര്‍ക്കാണ് ചുവന്ന ലിപ്സ്റ്റിക്ക് ചേരുന്നത് എന്ന് പറഞ്ഞതിനെക്കുറിച്ചും ആ പരാമര്‍ശം വിമര്‍ശം ഏറ്റുവാങ്ങിയതിനെക്കുറിച്ചും പോസ്റ്റില്‍ കനി പറയുന്നു.
കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ ചുണ്ടുകള്‍ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും മറച്ചുവെക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുധാരണയാണ് റാപ്പര്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതെന്ന ലേഖനത്തിലെ ഭാഗവും കനി പോസ്റ്റില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സല്‍ ലിപ്സ്റ്റിക്കിനെ കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്കായി വിവരങ്ങള്‍ അടങ്ങിയ ലിങ്കും കനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.