സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി തുറന്നു സംസാരിക്കുന്ന നടിയാണ് കനിഹ. ശരീരത്തെക്കുറിച്ചും സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുമെല്ലാം താരം ആരാധകരുമായി തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പിന്റേയും ബ്രാന്റഡ് വസ്ത്രങ്ങളുടേയും അമിത ഭാരമില്ലാതെ കാഷ്യല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെതന്നെ സോഷ്യല്‍ മീഡിയയിലൂടെ കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് താരം പറഞ്ഞത്.
അടുത്തിടെയായി എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ ബ്രാന്‍ഡഡ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള സാധാരണ ചിത്രങ്ങള്‍ എപ്പോഴും പങ്കുവെക്കുന്നത് എന്താണെന്ന്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥ എന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇങ്ങനെയാണ്. എന്റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്.
നിങ്ങളും ഇവ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഞാനെല്ലാത്ത ഒരു മുഖത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടോ? ഞാന്‍ എങ്ങനെയാണ് അങ്ങനെതന്നെ ഇരിക്കും. ഞാനായിരുന്നുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും പ്രോത്സാഹനമാകാന്‍ കഴിഞ്ഞാല്‍ അത് വലിയ വിജയമായി കാണുന്നു. – കനിഹ കുറിച്ചു.