ചെന്നൈ: മലയാളികൾക്ക് ഓണം പോലെ പ്രധാനപ്പെട്ട ഉത്സവമാണ് തമിഴ്നാട്ടുകാർക്ക് പൊങ്കൽ. കഴിഞ്ഞ ദിവസമായിരുന്നു പൊങ്കല്‍. വിശേഷ ദിനത്തിൽ പ്രിയപ്പെട്ട ആരാധകർക്കും സുഹൃത്തുക്കൾക്കും ആശംസകൾ നേർന്ന് സിനിമാ താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ശിവകാർത്തികേയൻ കുടുംബത്തോടൊപ്പം ആഘോഷിച്ചതിന്റെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്ത്എല്ലാവർക്കും പൊങ്കൽ ആശംസകൾ നേർന്നിരുന്നു.
ഇത്തരത്തിൽ ഫോട്ടോകളും വിഡിയോകളുമായി നിരവധി താരങ്ങളുടെ പൊങ്കൽ വിശേഷങ്ങൾട്രെൻഡിങ് ആയിരുന്നെങ്കിലും വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തത് തളപതി വിജയ് ഒരു പൊങ്കല്‍ ആഘോഷത്തിൽ പങ്കെടുത്ത വീഡിയോ ആണ്. അദ്ദേഹത്തോടൊപ്പം നടി കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മമിതാ ബൈജു തുടങ്ങിയവരെയും വിഡിയോയിൽ കാണാം.
വിജയ്‍യുടെ മാനേജർ ജെഗദീഷ് പളനിസാമിയുടെ പ്രൊഡക്ഷന്‍ ഹൗസായ ദി റൂട്ട് ഓഫീസില്‍ നടന്ന ആഘോഷത്തിലാണ് വിജയ് പങ്കെടുത്തത്. ഇത് കീർത്തി സുരേഷിന് വിവാഹശേഷമുള്ള ആദ്യ പൊങ്കലായതിനാൽ ഭര്‍ത്താവ് ആന്‍റണിക്കൊപ്പം കീര്‍ത്തി സജീവമായി ആഘോഷത്തിലുണ്ടായിരുന്നു.
അപ്രതീക്ഷിതമായാണ് വീഡിയോയില്‍ വിജയ് കടന്നുവരുന്നത്. തുടർന്ന് വിവിധ ഗെയിമുകൾ നടക്കുന്നത് കാണാം. കലശം പൊട്ടിക്കൽ, മ്യൂസിക്കൽ ചെയർ പോലുള്ള മത്സരങ്ങളിൽ കീർത്തി സുരേഷും നടിമാരും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ജെഗദീഷ് പളനിസാമി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയിൽ വിജയ് പ്രിന്‍റഡ് ഷര്‍ട്ടും ഗംഭീര ഹെയര്‍ സ്റ്റെലിലുമാണ് എത്തിയത്. അതിഗംഭീരമായി പ്രകടനം നടത്തി. വീഡിയോയുടെ പശ്ചാത്തല സംഗീതമായി വിജയകാന്തിന്‍റെ “നീ പൊട്ടുവച്ച തങ്ക കുടം ഊരിന് നീ മകുടം” എന്ന ഗാനമാണ്.